ഇന്ത്യ-യുഎഇ വ്യാപാരത്തിന് കരുത്ത് പകര്‍ന്ന് സമഗ്ര സാമ്പത്തിക കരാര്‍
- ഈ കാലയളവിനുള്ളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എണ്ണയിതര വ്യാപാരം 50 ശതകോടി ഡോളറിന് തൊട്ടടുത്തെത്തിയിട്ടുണ്ട്
സമഗ്ര സാമ്പത്തിക കരാറിന് രൂപം നല്‍കിയതോടെ ഇന്ത്യയുടേയും യുഎഇയുടേയും ഉഭയകക്ഷി വ്യാപാര രംഗത്ത് വന്‍ നേട്ടവുമായി ഇരുരാജ്യങ്ങളുടേയും സാമ്പത്തിക മേഖല. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റിറക്കുമതിയുടെ കണക്കുകളില്‍ ഭീമമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഒന്നാം വാര്‍ഷികം ദുബായിയില്‍ ഘോഷിക്കുന്നതിനിടെയാണ് പ്രതീക്ഷാവഹമായ ഈ വെളിപ്പെടുത്തല്‍. ഉഭയകക്ഷ വ്യാപാരവുമായി ബന്ധപ്പെട്ട സാധ്യതകള്‍ വളരെ വലുതാണെന്നും ദുബായിയില്‍ സംഘടിപ്പിച്ച പ്രത്യേക സാമ്പത്തിക യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ്‌സുധീര്‍, യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സയൂദി, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18നാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര സാമ്പത്തിക കരാറില്‍ സഹകരിക്കാനായി ധാരണയിലെത്തിയത്. കരാര്‍ ഒപ്പുവെച്ച് വെറും ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ തന്നെ എണ്ണയിതര വ്യാപാര മേഖലയില്‍ 10 ശതമാനത്തിന്റെ അധിക വളര്‍ച്ച കൈവരിച്ചെന്നാണ് മന്ത്രി താനി അല്‍ സയൂദി വ്യക്തമാക്കുന്നത്.
ഈ കാലയളവിനുള്ളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എണ്ണയിതര വ്യാപാരം 50 ശതകോടി ഡോളറിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. ഈ നിലയില്‍ മുന്നോട്ടു പോയി 2030 ഓടെ 100 ശതകോടി ഡോളര്‍ എന്ന ലക്ഷ്യത്തിലെത്തണമെന്നാണ് ലക്ഷ്യം വയ്ക്കുന്നത്. യുഎസിനും യൂറോപ്പിനും ചൈനയ്ക്കും ശേഷം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും താനി അല്‍ സയൂദി അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപവാലയും ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നിരങ്കര്‍ സക്‌സേനയും തമ്മില്‍ ചടങ്ങില്‍വച്ച് ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നും യുഎഇയിലേക്കുള്ള ചരക്കുകളുടെ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള പുതിയ കമ്പനികളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫിക്കിയുമായി ചേര്‍ന്ന് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുക.
ഇന്ത്യയില്‍നിന്ന് ലുലു ഗ്രൂപ്പിന്റ 247ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റിലേക്കുമായി 8000 കോടി രൂപയുടെ വസ്തുക്കള്‍ ഇറക്കുമതി ചെയ്തതായും സൈഫീ രൂപവാല അറിയിച്ചു.