ഡിജിറ്റല്‍ ഷെങ്കന്‍ വിസ നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ്
- പാരീസ് ഒളിമ്പിക്‌സിനുമുന്നോടിയായാണ് ഈ മാറ്റം
- ഒളിമ്പിക് കോണ്‍സുലേറ്റ് ഫ്രാന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു
- ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിനുള്ള വിസ അപേക്ഷകള്‍ ഇവിടെ പ്രോസസ് ചെയ്യുന്നു
പാരീസ് ഒളിമ്പിക്സിനായി സന്ദര്‍ശകര്‍ക്ക് ഡിജിറ്റല്‍ ഷെഞ്ചന്‍ വിസ നല്‍കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതികളുമായി യോജിപ്പിച്ച് 70,0000 ഫ്രഞ്ച് ഷെഞ്ചന്‍ വിസകള്‍ക്കുള്ള ഓണ്‍ലൈന്‍ നടപടിക്രമങ്ങളിലേക്ക് പൂര്‍ണ്ണമായും മാറാനുള്ള പദ്ധതികള്‍ ഫ്രാന്‍സ് പ്രഖ്യാപിച്ചു.
ജനുവരി ഒന്നു മുതല്‍ 'ഒളിമ്പിക് കോണ്‍സുലേറ്റ്' സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സ് ആരംഭിച്ചു. ഇവിടെ 2024 ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിനുള്ള വിസ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നു.
15,000 അന്താരാഷ്ട്ര അത്ലറ്റുകള്‍, 9,000 പത്രപ്രവര്‍ത്തകര്‍, വരാനിരിക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരില്‍ നിന്നുള്ള അപേക്ഷകള്‍ 'ഒളിമ്പിക് കോണ്‍സുലേറ്റ്' കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിസ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് ഇതിലൂടെ ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.
സാധുവായ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസ കൈവശമുള്ള കായികതാരങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ഫ്രഞ്ച് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ ഷെങ്കന്‍ വിസ ഡിജിറ്റല്‍ ആക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഷെങ്കന്‍ പ്രദേശം സന്ദര്‍ശിക്കുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
അയല്‍രാജ്യങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയ്ക്കൊപ്പം 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 23 എണ്ണവും ഷെങ്കന്‍ ഏരിയയില്‍ ഉള്‍പ്പെടുന്നു.
ഓണ്‍ലൈന്‍ വിസ സംവിധാനം 'സഞ്ചാരികള്‍ക്കുള്ള അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കും' എന്ന് സ്‌പെയിനിന്റെ ആഭ്യന്തര മന്ത്രിയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സിയുടെ നിലവിലെ ഹോള്‍ഡറുമായ ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മര്‍ലാസ്‌ക പറഞ്ഞു.
പ്രവര്‍ത്തനക്ഷമമായാല്‍, ഷെഞ്ചന്‍ ഏരിയയിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍, ഡാറ്റ, ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകര്‍പ്പുകള്‍ എന്നിവ സമര്‍പ്പിക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പേയ്മെന്റുകള്‍ നടത്താനും കഴിയും.
ഡാറ്റാബേസുകളുമായുള്ള ക്രോസ്-വെരിഫിക്കേഷനുശേഷം അംഗീകാരം ലഭിച്ചാല്‍, അപേക്ഷകര്‍ക്ക് ഒരു ഉപകരണത്തില്‍ പ്രിന്റ് ചെയ്യുന്നതിനോ സൂക്ഷിക്കുന്നതിനോ വേണ്ടി ക്രിപ്റ്റോഗ്രാഫിക്കായി ഒപ്പിട്ട ബാര്‍കോഡ് നല്‍കും. എന്നിരുന്നാലും, ആദ്യമായി അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ പുതിയ പാസ്പോര്‍ട്ടുകളോ പരിഷ്‌ക്കരിച്ച ബയോമെട്രിക് ഡാറ്റയോ ഉള്ളവര്‍ക്ക് ഇപ്പോഴും വ്യക്തിപരമായി അപ്പോയിന്റ്മെന്റ് ആവശ്യമായി വന്നേക്കാം.