സ്വകാര്യവാഹന ഉപയോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്ത;ഒമാനില്‍ വാഹന രജിസ്ട്രേഷന് ഒരു വര്‍ഷത്തിലധികം നീട്ടാം
- വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ഉടമയുടെ അഭ്യര്‍ത്ഥന അനുസരിച്ച് ലൈസന്‍സ് നീട്ടിനല്‍കും
- നേരത്തെ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായിരുന്നു
- ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച രേഖ നല്കാന് സാധിക്കാത്തവര്‍ക്ക് ഇനി ബ്ലാക്ക് പോയന്റ് നേരിടേണ്ടിവരില്ല
ഒമാനില്‍ ഇനി മുതല്‍ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷത്തിലധികം നീട്ടാം. പ്രവാസികള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസകരമായ നടപടിയാണ് റോയല്‍ ഒമാന്‍ പോലീസ് കൈക്കൊണ്ടിരിക്കുന്നത്. വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലാണ് ഉടമയുടെ അഭ്യര്‍ത്ഥന അനുസരിച്ച് ലൈസന്‍സ് നീട്ടിനല്‍കുകയെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പോലീസ്,കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഹസന് ബിന്‍ മുഹ്സില്‍ അല്‍ ശറയ്ഖി ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവിറക്കി.
നേരത്തെ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായിരുന്നു. പിക്കപ്പ്,ലൈറ്റ് യാത്രാ വാഹനങ്ങള്‍ ഒഴികെ എല്ലാ വാണിജ്യ വാഹനങ്ങളും ഓപ്പറേറ്റിംഗ് ലൈസന്‍സ് പുതുക്കുന്നതിന് സാങ്കേതിക പരിശോധന നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. എഞ്ചിന് മാറ്റിവെക്കല്‍, വാഹനങ്ങളുടെ ബോഡി, കളര്‍, മറ്റു ഭാഗങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തല്‍ എന്നിവ നടത്തുന്ന അവസരങ്ങളില്‍ സാങ്കേതിക പരിശോധന നടത്തുന്നതാണ്. ഹെവി സര്‍ക്കാര്‍ വാഹനങ്ങള്‍,ടാക്സികള്‍,സ്കൂള്‍ കാറുകള്‍,ബസുകള്‍,പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കാറുകളും സൈക്കിളുകളും പിക്കപ്പുകളും എന്നിവയും സാങ്കേതിക പരിശോധന നടത്തണം.
അതേസമയം വാഹന ഓപ്പറേറ്റിങ്ങ് ലൈസന്‍സോ ഡ്രൈവിങ് ലൈസന്‍സോ ഉണ്ടെന്നുള്ള രേഖ നല്കാന് സാധിക്കാത്തവര്‍ക്ക് ഇനി ബ്ലാക്ക് പോയന്റ് നേരിടേണ്ടിവരില്ല. നേരത്തെ ഈ നിയമലംഘനങ്ങള്‍ക്ക് മൂന്ന് ബ്ലാക്ക് പോയന്റുകളാണ് നല്‍കിയിരുന്നത്.