യുഎഇ സന്ദര്‍ശിക്കുന്നവര്‍ 3000 ദിര്‍ഹം കൈയ്യില്‍ കരുതണം;വിസാ നിബന്ധനകളെക്കുറിച്ച് അറിയേണ്ടതെന്തെല്ലാം

  • വിസാ നിബന്ധനകള്‍ കടുപ്പിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പ്രതിസന്ധിയില്‍
  • നിബന്ധനകള്‍ പാലിക്കാതിരുന്ന അനേകം പേരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്
  • പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം

Update: 2024-05-24 11:56 GMT

യുഎഇയില്‍ സന്ദര്‍ശന വിസാ നടപടികള്‍ കര്‍ക്കശമാക്കി. 3000 ദിര്‍ഹം അതായത് 68,000 രൂപയോ ക്രെഡിറ്റ് കാര്‍ഡോ കൈവശം വയ്ക്കണമെന്നാണ് പുതിയ നിബന്ധന. വിസാ നിബന്ധനകള്‍ കടുപ്പിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി. നിബന്ധനകള്‍ പാലിക്കാതിരുന്ന അനേകം പേരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്,തിരിച്ചുള്ള യാത്ര ടിക്കറ്റ്,താമസസൗകര്യത്തിന്റെ തെളിവ്,ബന്ധുവിന്റെയോ സുഹൃത്തിന്റേയോ ആശ്രയത്തില്‍ താമസിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ എന്നിവയും ഹാജരാക്കണം. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.

സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോകാത്തവരുടെ എണ്ണം കൂടിയതാണ് അധികൃതര്‍ നിബന്ധന കടുപ്പിക്കാന്‍ കാരണം. തൊഴില്‍ തേടി സന്ദര്‍ശക വിസയിലെത്തിവര്‍ തൊഴില്‍ ലഭിക്കാതെ യുഎഇയില്‍ തന്നെ തങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്. കോവിഡ് മഹാമാരിക്കുശേഷം ഇത്തരക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിനെ ചെറുക്കുന്നതിനാണ് വിസാ നടപടികള്‍ കര്‍ക്കശമാക്കുന്നത്. എന്നാല്‍ ഇതെത്തുടര്‍ന്ന് മലായളികള്‍ ഉള്‍പ്പെടെ അനേകം പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ തൊഴില്‍തേടി എത്തുന്നവരെ നിരാശപ്പെടുത്തുമെന്നും ബിസിനസിനെ ബാധിക്കുമെന്നും നേരത്തെ ട്രാവല്‍ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കര്‍ശന നിബന്ധനകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് വീണ്ടും നിര്‍ബന്ധമാക്കിയത് ഒട്ടേറെപ്പേരെ കുടുക്കിയിരിക്കുകയാണ്.

Tags:    

Similar News