ഉംറ തീര്‍ത്ഥാടനം:യുഎഇ -സൗദി പ്രതിവാര ഫ്‌ലൈറ്റുകളിൽ 13 % വര്‍ദ്ധന
- യുഎഇയും സൗദിയും തമ്മിലുള്ള പ്രതിവാര വിമാനസര്‍വീസുകളുടെ എണ്ണം മാര്‍ച്ചില്‍ 13.3 ശതമാനം വര്‍ദ്ധിച്ചു
- ഉംറ തീര്‍ത്ഥാടകര്‍ വര്‍ദ്ധിച്ചതിനാല്‍ എമിറേറ്റ്‌സ്,വിസ് എയര്‍ അബുദാബി,എയര്‍ അറേബ്യ എന്നിവയും സര്‍വീസുകള്‍ കൂട്ടി
- ഉംറ സീസണില്‍ ഇത്തിഹാദ് എയര്‍വേയ്സ് സൗദിയിലെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത് 45,000 യാത്രക്കാരെ
പുണ്യമാസത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ യുഎഇ-സൗദി ഫ്‌ലൈറ്റുകളുടെ എണ്ണം കൂടി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാനങ്ങളുടെ വര്‍ദ്ധനവ് മതപരമായ യാത്രയ്ക്കുള്ള ഡിമാന്റിനെ എടുത്തുകാണിക്കുന്നതായി ജനറല്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎഇയും സൗദിയും തമ്മിലുള്ള പ്രതിവാര വിമാനസര്‍വീസുകളുടെ എണ്ണം മാര്‍ച്ചില്‍ 13.3 ശതമാനം വര്‍ദ്ധിച്ചു. ഫെബ്രുവരിയില്‍ 338 പ്രതിവാര ഫ്‌ലൈറ്റുകളുണ്ടായിരുന്നത് മാര്‍ച്ചില്‍ 383 ആയി വര്‍ദ്ധിച്ചു. ആവശ്യകത കൂടിയതിനാല്‍ പ്രമുഖ വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു. അബഹ, ജസാന്‍, റിയാദ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ ഫ്‌ലൈ ദുബായ് രാജ്യത്തേക്കുള്ള വിമാനങ്ങള്‍ 40 ശതമാനം വര്‍ദ്ധിപ്പിച്ചു. അതുപോലെ, ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ വിമാനങ്ങള്‍ 22.2 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു. ജിദ്ദയിലേക്ക് 28,റിയാദിലേക്ക് 28,ദമാമിലേക്ക് 21 എന്നിങ്ങനെ മൊത്തം 77 പ്രതിവാര സര്‍വീസുകളാണ് വര്‍ദ്ധിപ്പിച്ചത്.
റമദാനില്‍ ഉംറ തീര്‍ത്ഥാടകര്‍ വര്‍ദ്ധിച്ചതിനാല്‍ എമിറേറ്റ്‌സ്,വിസ് എയര്‍ അബുദാബി,എയര്‍ അറേബ്യ എന്നിവയും സര്‍വീസുകള്‍ കൂട്ടി. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഉംറ സീസണില്‍ ഇത്തിഹാദ് എയര്‍വേയ്സ് ഏകദേശം 45,000 യാത്രക്കാരെ സൗദി അറേബ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചു.