ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ തുടരുന്നു;ജനജീവിതം ദുസ്സഹം
- ദേശീയ ദുരന്തനിവാരണ സമിതി മുന്‍കരുതല്‍ ഊര്‍ജിതമാക്കി
- സൗദിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
- ഇന്റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചതായി ദുബായ് ആര്‍ടിഎ
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ദേശീയ ദുരന്തനിവാരണ സമിതി മുന്‍കരുതല്‍ ഊര്‍ജിതമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഒന്നിച്ച് മഴ ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ്. യുഎഇ,സൗദി,ഖത്തര്‍,ഒമാന്‍,ബഹ്റിന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി പ്രവിശ്യയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അണ്ടര്‍പാസുകളില്‍ വെള്ളം നിറഞ്ഞതോടെ പല ഹൈവേകളും അടച്ചിട്ടു. ഖത്തറില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. വാഹനയാത്രക്കാരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും ട്രാഫിക് വിഭാഗവും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യുഎഇയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. മെയ് 2 ന് ദുബായ് വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആയ ഉപഭോക്താക്കള്‍ക്ക് ഫ്ളൈറ്റ് ഷെഡ്യൂള്‍ ചെയ്തതിനാല്‍ കുറച്ച് കാലതാമസം പ്രതീക്ഷിക്കാമെന്ന് എമിറേറ്റ്സ് അറിയിച്ചു.
മെയ് 2ന് റദ്ദാക്കിയ വിമാനസര്‍വീസുകള്‍ ഇവയാണ്
ദുബായ്- ഇസ്താംബുള്‍ ഇകെ 123/124
ദുബായ്- ജോഹാനസ്ബര്‍ഗ് ഇകെ 763/764
ദുബായ്- നെയ്റോബി ഇകെ 719/720
ദുബായ്- കെയ്റോ ഇകെ 921/922
ദുബായ്- അമാന്‍ ഇകെ 903/904
ദുബായ്- സിംഗപ്പൂര്‍ ഇകെ 352/353
റീബുക്കിംഗ് നിരക്കുകള്‍ ഒഴിവാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി. റീബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ട്രാവല്‍ ഏജന്റുമായോ അടുത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടണം. അസ്ഥിരകാലാവസ്ഥ മാറുന്നതുവരെ ഇന്റര്‍സിറ്റി ബസ് സര്‍വീസ് നിര്‍ത്തിവച്ചതായി ദുബായ് ആര്‍ടിഎ അറിയിച്ചു. ജനങ്ങള്‍ കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിച്ചശേഷം മാത്രമേ പുറത്തിറങ്ങാവൂയെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.