യുഎഇ-ഒമാന്‍ റെയില്‍വേ യാഥാര്‍ത്ഥ്യമാകുന്നു;ഇരുരാജ്യങ്ങളിലേയും വിവിധ മേഖലകളില്‍ വന്‍ തൊഴിലവസരങ്ങള്‍
- മൂന്ന് ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
- സൊഹാറിനും അബുദാബിയ്ക്കും ഇടയിലുള്ള യാത്രാദൂരം ഒരു മണിക്കൂര്‍ 40 മിനിട്ട്
- ഒരു ചരക്ക് തീവണ്ടിയിലൂടെ 15,000 ടണ്ണിലധികം ചരക്ക് കൊണ്ടുപോകാനാകും
യുഎഇ-ഒമാന്‍ റെയില്‍വേ പദ്ധതിയായ ഹഫീത്ത് റെയില്‍ യാഥാര്‍ത്ഥ്യമാകുന്നു. മൂന്ന് ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇത്തിഹാദ് റെയില്‍,ഒമാന്‍ റെയില്‍,മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ യുഎഇ സന്ദര്‍ശനത്തിനിടെ കഴിഞ്ഞ മാസം ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളിലേയും പ്രാദേശിക നിക്ഷേപ,വ്യാപാര മേഖലകളെ ഉത്തേജിപ്പിക്കാനും വിവിധ മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ റെയില്‍വേ ശൃംഖല വഴി സാധിക്കും.
സൊഹാറിനും അബുദാബിയ്ക്കും ഇടയിലുള്ള യാത്രാദൂരം ഒരു മണിക്കൂര്‍ 40 മിനിട്ട് കൊണ്ടും സൊഹാറിനും അല്‍ ഐനിനുമിടയിലുള്ള ദൂരം ഒരു മണിക്കൂര്‍ 47 മിനിട്ടിനുള്ളിലും മറികടക്കാന്‍ സാധിക്കും. 400 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം.
ഒരു ചരക്ക് തീവണ്ടിയിലൂടെ 15,000 ടണ്ണിലധികം ചരക്ക് കൊണ്ടുപോകാനാകും. ഖനനം,ഇരുമ്പ്,ഉരുക്ക്,കൃഷി,ഭക്ഷണം,റീട്ടെയ്ല്‍,ഇ-കൊമേഴ്‌സ്,പെട്രോകെമിക്കല്‍ തുടങ്ങി ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് പുതിയ റെയില്‍വേ ശൃംഖല വഴിയൊരുക്കും. പാസഞ്ചര്‍ റെയില്‍ സേവനങ്ങള്‍ ജനസംഖ്യാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും സാമൂഹികവും കുടുംബപരവുമായ ഐക്യം വളര്‍ത്തുകയും വിനോദസഞ്ചാര മേഖലയെ പിന്തുണയ്ക്കുകയും ചെയ്യും. പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും.
വന്‍തൊഴിലവസരങ്ങള്‍ ഇരുരാജ്യങ്ങളിലും സൃഷ്ടിക്കുന്നതിനും പുതിയ റെയില്‍വേ സഹായകമാകും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തൊഴില്‍ ലഭിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്.