ഇന്ത്യയുടെ സാമ്പത്തിക നിക്ഷേപകരില്‍ പ്രധാനിയായി യുഎഇ

  • ഏഴാം സ്ഥാനത്തായിരുന്ന യുഎഇ നാലാം സ്ഥാനത്തേക്ക്
  • സിംഗപ്പൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാഷ്ട്രം
  • ഇന്ത്യയുടെ മനുഷ്യ വിഭവ ശേഷി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യം കൂടിയാണ് യുഎഇ

Update: 2023-06-16 15:45 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക നിക്ഷേപകരില്‍ പ്രധാനിയായി യുഎഇ. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് യുഎഇക്ക് നിക്ഷേപകരില്‍ നാലാംസ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്ത്യ സമഗ്ര സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചതോടെയാണ് ഈ പുരോഗതിയെന്ന് വിലയിരുത്തപ്പെടുന്നു.

2021-22ല്‍ ഏഴാം സ്ഥാനത്തായിരുന്ന യുഎഇയാണ് നാലിലേക്ക് ഉയര്‍ന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് കണക്കുകള്‍ പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എഫ്ഡിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടി (3.35 ബില്യണ്‍ ഡോളറായി) ഉയര്‍ന്നു, 2021-22ല്‍ ഇത് 1.03 ബില്യണ്‍ ഡോളറായിരുന്നു. സിംഗപ്പൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപക രാഷ്ട്രം. രണ്ടാം സ്ഥാനത്ത് മൗറീഷ്യസും മൂന്നാം സ്ഥാനത്ത് യുഎസുമാണ്.

നിലവില്‍ യുഎഇയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇന്ത്യയുമായുള്ള പരസ്പര വ്യാപാര, വാണിജ്യ ബന്ധങ്ങളെ ഇനിയും ഉയരത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യയുടെ മനുഷ്യ വിഭവ ശേഷി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യം കൂടിയാണ് യുഎഇ. ഇരു രാജ്യങ്ങളുടെയും വ്യാപാര, വാണിജ്യ വിനിമയങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെയും മറ്റും കൃത്യമായി സ്വാധിനിക്കുന്നുണ്ട്.

ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ നിന്നും വാണിജ്യ സമൂഹ പ്രതിനിധികള്‍ ഇയിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയും ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയും സന്ദര്‍ശിച്ച സംഘം വിവിധ വര്‍ത്തക സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സംഘം ഈ വര്‍ഷാവസാനം യു.എ.ഇ സന്ദര്‍ശിക്കാനിരിക്കയാണ്.

Tags:    

Similar News