മഴക്കെടുതിയില്‍ വലഞ്ഞ് യുഎഇ;വന്‍ സാമ്പത്തിക നഷ്ടം;ജനങ്ങള്‍ ദുരിതത്തില്‍

  • 75 വര്‍ഷത്തിനിടെ ലഭിച്ച കനത്ത മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്
  • മെട്രോ,വിമാന സര്‍വീസുകള്‍ മുടങ്ങി
  • ആയിരക്കണക്കിന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം

Update: 2024-04-18 07:19 GMT

യുഎഇയില്‍ നാശം വിതച്ച് കനത്ത മഴ. 75 വര്‍ഷത്തിനിടെ ലഭിച്ച കനത്ത മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറില്‍ 254 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 200 മില്ലീമീറ്ററാണ് ഒരു വര്‍ഷം സാധാരണ മഴ ലഭിക്കാറ്. റോഡുകളില്‍ വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമും സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും അധികൃതര്‍ അനുവദിച്ചു. വിമാനത്താവളത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമായതിനാല്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ഏമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവച്ചു. ന്യൂനമര്‍ദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത മഴയ്ക്ക് കാരണം. യുഎഇ കൂടാതെ ഒമാനിലും സൗദിയിലും കനത്ത മഴ നാശം വിതച്ചു.

യുഎഇയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫാമുകള്‍ വെള്ളത്തിലായി. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. പൂര്‍ണ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവര്‍ക്ക് പ്രകൃതി ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും. കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് കനത്ത മഴയില്‍ നാശനഷ്ടം ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ പ്രകൃതിക്ഷോഭം ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനികളാണ് തീരുമാനിക്കുന്നത്. കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ പലരും ഉപേക്ഷിക്കാന്‍ വരെ തയ്യാറായി. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതും ജനങ്ങളെ ദുഖത്തിലാഴ്ത്തി. കേടുപാടുകള്‍ മാറ്റുന്നതിന് വന്‍തുക ചെലവഴിക്കേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്കുള്ളത്. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക വഴി സര്‍ക്കാരിനും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക.

ആയിരക്കണക്കിന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കാത്ത സാധാരണ ജനങ്ങളെയാണ് പ്രകൃതിദുരന്തങ്ങള്‍ കൂടുതലും ബാധിക്കാറ്. മഴ ശമിച്ചതോടെ ജനജീവിതം സാധാരണഗതിയിലാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

Tags:    

Similar News