മഴക്കെടുതി:യുഎഇയില്‍ വായ്പ എടുത്തവര്‍ക്ക് ആശ്വസിക്കാം; തവണകള്‍ ഉടന്‍ തിരിച്ചടക്കേണ്ടതില്ല
- ലോണെടുത്തവര്‍ക്ക് ആശ്വാസകരമായ നടപടിയുമായി സെന്‍ട്രല്‍ ബാങ്ക്
- വ്യക്തിഗത,കാര്‍ വായ്പാ തവണകള്‍ ആറ് മാസത്തേക്ക് അടയ്‌ക്കേണ്ടതില്ല
- അധിക ഫീസും പലിശയും ഈടാക്കില്ല
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ബാധിച്ച ഉപഭോക്താക്കള്‍ക്കുള്ള വ്യക്തിഗത,കാര്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കുന്നത് ആറ് മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് എല്ലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ സെന്‍ട്രല്‍ ബാങ്ക് നോട്ടീസ് നല്‍കി. അധിക ഫീസുകളോ പലിശയോ ലാഭമോ ചുമത്താതെയോ അല്ലെങ്കില്‍ വായ്പയുടെ പ്രധാന തുക വര്‍ദ്ധിപ്പിക്കുകയോ ചെയ്യാതെയാണ് വായ്പാ തവണകളുടെ തിരിച്ചടവ് മാറ്റിവയ്ക്കുന്നത്. മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ അധിക പലിശ നല്‍കേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു വായ്പ എടുത്തവര്‍.
കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്‍ഷുറന്‍സ് പോളിസി ശ്രദ്ധാപൂര്‍വം വായിക്കാനും മനസിലാക്കാനും സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതിനാല്‍ മോശം കാലാവസ്ഥ കാരണം കേടുപാട് സംഭവിച്ച വീടുകള്‍ നന്നാക്കാനും സഹായകമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവാദികളാണ്.