ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നു;സ്പിന്നീസ് ഇനി സൗദിയിലേക്കും

  • റിയാദിലെ ഒരു സ്റ്റോര്‍ വഴി സൗദിയിലേക്ക് പ്രാരംഭ പ്രവേശനം നടത്തും
  • യുഎഇയില്‍ എഴുപതിലധികം ഷോപ്പുകള്‍ സ്പിന്നീസിനുണ്ട്
  • 2023 ല്‍ 2.9 ബില്യണ്‍ ദിര്‍ഹത്തിന്റെ റീട്ടെയ്ല്‍ വരുമാനം ലഭിച്ചിരുന്നു

Update: 2024-04-23 11:53 GMT

യുഎഇ ആസ്ഥാനമായുള്ള ഗ്രോസറി സ്‌റ്റോര്‍ ഓപ്പറേറ്ററായ സ്പിന്നീസ് 1961 ഹോള്‍ഡിങ്ങ് പിഎല്‍സി സൗദി അറേബ്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ വികസനവും വര്‍ദ്ധിച്ചുവരുന്ന റീട്ടെയ്ല്‍ ഉത്പന്നങ്ങളുടെ ആവശ്യകതയും പരിഗണിച്ചാണ് നീക്കം. റിയാദിലെ ഒരു സ്റ്റോര്‍ വഴി സൗദിയിലേക്ക് പ്രാരംഭ പ്രവേശനം നടത്തിയശേഷം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജിദ്ദയിലേക്ക് വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു. ഔട്ട്‌ലെറ്റ് തുറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

യുഎഇയില്‍ എഴുപതിലധികം ഷോപ്പുകള്‍ സ്പിന്നീസ് സ്വന്തമായി നടത്തുന്നുണ്ട്. യുഎഇയില്‍ മൂന്ന് പുതിയ സ്റ്റോറുകള്‍ ഈ വര്‍ഷം തുറക്കാനും പദ്ധതിയുണ്ട്. തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രശസ്തി കാരണമാണ് ഈ വളര്‍ച്ച സാധ്യമാകുന്നതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

2023 ല്‍ 2.9 ബില്യണ്‍ ദിര്‍ഹത്തിന്റെ റീട്ടെയ്ല്‍ വരുമാനം ലഭിച്ചിരുന്നു. ജിസിസി മേഖലയിലെ ഗണ്യമായ പണമൊഴുക്ക് സൃഷ്ടിക്കാന്‍ തങ്ങളുടെ സ്ഥാപനം സഹായകകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ഒരു പ്രാരംഭ പബ്ലിക് ഓഫറുമായി മുന്നോട്ട് പോകാനുള്ള ആഗ്രഹം സ്പിന്നിസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്പിന്നിയുടെ മാതൃ കമ്പനിയും സെല്ലിംഗ് ഷെയര്‍ഹോള്‍ഡറുമായ അല്‍ സീര്‍ ഗ്രൂപ്പ്, സ്ഥാപനത്തിന്റെ മൊത്തം ഇഷ്യൂഡ് ഷെയര്‍ ക്യാപിറ്റലിന്റെ 25 ശതമാനം വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 900 ദശലക്ഷം ഓഹരികള്‍ക്ക് തുല്യമാണ്. ഐപിഒയുടെ സബ്സ്‌ക്രിപ്ഷന്‍ കാലയളവ് ഏപ്രില്‍ 23 ന് ആരംഭിക്കുമെന്നും ഡിഎഫ്എം ലിസ്റ്റിംഗ് മെയ് 9 ന് സജ്ജീകരിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News