ലോജിസ്റ്റിക്,ടൂറിസം മേഖല വളര്‍ച്ച പ്രാപിക്കും;ഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ വരുന്നു
- 2028-2029 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകും
- 2040 ഓടെ യാത്രക്കാരുടെ എണ്ണം 50 ദശലക്ഷത്തിലെത്തും
- മുസന്ദം വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2028 ല്‍ പൂര്‍ത്തിയാകും
ഒമാനില്‍ ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇതില്‍ മിക്കവയും 2028-2029 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അല്‍ അബ്രി പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും.
യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. 2040 ഓടെ യാത്രക്കാരുടെ എണ്ണം 50 ദശലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ 17 ദശലക്ഷമാണ് പ്രതിവര്‍ഷ ശരാശരി യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ രാജ്യത്തെ ലോജിസ്റ്റ്,ടൂറിസം മേഖല വളര്‍ച്ച പ്രാപിക്കും.
അന്താരാഷ്ട്ര വ്യോമഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ വിമാനത്താവളങ്ങള്‍ സഹായകമാകും. മുസന്ദം വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2028 ന്റെ രണ്ടാം പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. പഠനങ്ങളെല്ലാം പൂര്‍ത്തിയായി നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുപ്പും നടത്തിയിട്ടുണ്ട്.
2018 ല്‍ മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ തുറന്നിരുന്നു. പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ടെര്‍മിനല്‍. പ്രതിവര്‍ഷം രണ്ട് ദശലക്ഷം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടം സലാലയിലും തുറന്നിരുന്നു. കൂടാതെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുല്‍ത്താനേറ്റ് തുറക്കുകയുണ്ടായി. ഇതിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.