ഷാര്‍ജ ജുവല്‍സ് ഓഫ് എമിറേറ്റ്‌സ് ഷോ ജൂണ്‍ ഒന്നുമുതല്‍

  • ആതിഥേയത്വം വഹിക്കുന്നത് നാലാമത്തെ പതിപ്പിന്
  • പ്രദര്‍ശന ഏരിയ 10,000 ചതുരശ്ര മീറ്ററായിവികസിപ്പിച്ചിട്ടുണ്ട്
  • നടത്തപ്പെടുന്നത് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ

Update: 2023-05-22 12:08 GMT

ജൂണില്‍ ഷാര്‍ജ എക്സ്പോ സെന്റര്‍ സ്വര്‍ണങ്ങളുടെയും രത്നങ്ങളുടെ യും പ്രഭ ചൊരിയും. 2023 ജൂണ്‍ 1 മുതല്‍ 4 വരെ നടക്കുന്ന ജുവല്‍സ് ഓഫ് എമിറേറ്റ്‌സ് ഷോയുടെ നാലാമത്തെ പതിപ്പിനാണ് ഇവിടം ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. പ്രദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തകൃതിയായി നടക്കുകയാണ്.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (എസ്‌സിസിഐ) പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ നിരവധി സ്വദേശി കമ്പനികളും പ്രശസ്തരായ ജ്വല്ലറി ഡിസൈനര്‍മാരും മികച്ച പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളും പങ്കെടുക്കും. സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍, വിലപിടിപ്പുള്ള ആഭരണങ്ങളുടെ മികച്ച ശേഖരങ്ങള്‍ ഇവിടെ എത്തും. കല്ലുകള്‍, മുത്തുകള്‍, വാച്ചുകള്‍ തുടങ്ങിയവയുടെ അത്യപൂര്‍വ കാഴ്ചകള്‍ ഇവിടെയുണ്ടാവും.

എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഏറ്റവും പുതിയ ജ്വല്ലറി ഫാഷന്‍ ലൈനുകളും ആധുനിക ഡിസൈനുകളും വേദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. പ്രദര്‍ശന ഏരിയ 10,000 ചതുരശ്ര മീറ്ററായി വികസിപ്പിച്ചതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. വിലപിടിപ്പുള്ള സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കുള്ള നിരവധി പ്രത്യേക സമ്മാനങ്ങളും ഇവിടുണ്ടാവും. സ്വദേശി പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള സ്വര്‍ണ, ഡയമണ്ട് സെറ്റുകള്‍ പ്രദര്‍ശനത്തിലുണ്ടാവും.

സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും അത്യപൂര്‍വ പ്രദര്‍ശനത്തില്‍ ജ്വല്‍സ് ഓഫ് എമിറേറ്റ്സ് ഷോ സുപ്രധാന സ്ഥാനം നേടിയതായി ഷാര്‍ജ എക്സ്പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ പറഞ്ഞു. സന്ദര്‍ശകരെ ഏറെ സംതൃപ്തരാക്കുന്നതായിരിക്കും ഈ പതിപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.

വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു മണി മുതല്‍ പത്തുവരേയും വെള്ളിയാഴ്ച മൂന്നു മുതല്‍ പത്തു വരെയും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സൗജന്യമായി കാണാനാവും. സന്ദര്‍ശകര്‍ക്ക് ആഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കും. കൂടാതെ പെര്‍ഫ്യൂമുകള്‍ക്കായി പ്രത്യേക പവലിയനും ഉണ്ടാവും. ഇവിടെയും മികച്ച ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കും.

Tags:    

Similar News