എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് തുടരുമെന്ന് സൗദി

  • പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെയാണ് ഉല്‍പ്പാദനത്തില്‍ കുറവ്
  • ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയത്
  • മൊത്തം എണ്ണ വിതരണത്തിന്റെ 1.6 ശതമാനമാണ് ഇവര്‍ വെട്ടിക്കുറച്ചിരിക്കുന്നത്

Update: 2023-07-04 14:30 GMT

എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് തുടരുമെന്ന് സൗദി. ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാനപ്രകാരം വരുത്തിയ ഉല്‍പ്പാദനക്കുറവ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂടി തുടരുമെന്നാണ് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചത്. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെയാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തുക. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ നിലവിലെ അവസ്ഥ തുടരുമെന്നാണ് അറിയിപ്പ്.

നിലവില്‍ ഒന്‍പത് ദശലക്ഷം ബാരലാണ് സൗദിയുടെ പ്രതിദിന ഉല്‍പ്പാദനം. എണ്ണയുല്‍പ്പാദ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്‌സ് പ്ലസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. എണ്ണ വിപണിയുടെ സ്ഥിരതയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഉല്‍പ്പാദക രാജ്യമാണ് സൗദി അറേബ്യ. ലോകത്ത് ആവശ്യമുള്ള എണ്ണയുടെ 40 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമാണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇവരില്‍ നിന്നാണ് വന്‍ തോതില്‍ എണ്ണ വാങ്ങുന്നത്.

സൗദി അറേബ്യയ്ക്ക് പുറമെ റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധി നേരിടവെ എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും. മൊത്തം എണ്ണ വിതരണത്തിന്റെ 1.6 ശതമാനമാണ് ഇവര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ വിപണിയില്‍ വില വര്‍ധിക്കാന്‍ തുടങ്ങി.

Tags:    

Similar News