ജിദ്ദയെ വടക്കന്‍ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന പുതിയ കപ്പല്‍ സര്‍വീസിന് തുടക്കം
- സമുദ്രമേഖലയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ച് സൗദി
- ഷിപ്പിംഗ് മേഖലയില്‍ വളരുന്ന വിപണിയുടേയും വ്യാപാരത്തിന്റേയും ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന നീക്കം
- സംയോജിത മേഖല വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോജിസ്റ്റിക് വിഭാഗവുമായി സഹകരിച്ചു
ജിദ്ദയെ വടക്കന്‍ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് സര്‍വീസിന് തുടക്കമിട്ടു. സൗദി സ്വതന്ത്ര ഹ്രസ്വ സമുദ്ര സേവനദാതാവായ ഫോക്ക് മാരിടൈം ആണ് കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാകുമിത്. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട്, യാന്‍ബു കൊമേഴ്സ്യല്‍ പോര്‍ട്ട്, നിയോം പോര്‍ട്ട് എന്നിവയെ ജോര്‍ദാനിലെ അഖാബ തുറമുഖത്തിലേക്കും ഈജിപ്തിലെ ഐന്‍ സോഖ്ന തുറമുഖത്തിലേക്കും പുതിയ സര്‍വീസ് ബന്ധിപ്പിക്കുമെന്ന് മവാനി എന്നറിയപ്പെടുന്ന സൗദി തുറമുഖ അതോറിറ്റി അറിയിച്ചു.
NRS എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. 1300 സ്റ്റാന്റേര്‍ഡ് കണ്ടെയ്‌നറുകള്‍ വരെ ശേഷിയുള്ള പതിവ് പ്രതിവാര സര്‍വീസും നടത്തുന്നതാണ്. ഷിപ്പിംഗ് മേഖലയില്‍ വളരുന്ന വിപണിയുടേയും വ്യാപാരത്തിന്റേയും ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്. അതോറിറ്റിയും ഫോക്ക് മാരിടൈമും തമ്മിലുള്ള സംയുക്ത സഹകരണത്തിലൂടെയാണ് പുതിയ സേവനം നടപ്പിലാകുന്നത്.
പ്രാദേശിക വിപണിയില്‍ ഒരു പുതിയ ഓപ്പറേറ്റര്‍ എന്ന നിലയിലും കണ്ടെയ്നര്‍, ഫീഡര്‍ കപ്പലുകളില്‍ പ്രത്യേകമായുള്ള ആദ്യത്തെ സൗദി ഷിപ്പിംഗ് ലൈന്‍ എന്ന നിലയിലും കമ്പനിയുടെ ലോജിസ്റ്റിക്‌സ് കഴിവുകള്‍ വികസിപ്പിക്കാന്‍ ഈ സഹകരണം ലക്ഷ്യമിടുന്നു.
ജിദ്ദയില്‍ ഒരു സംയോജിത ലോജിസ്റ്റിക് സോണ്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ മവാനിയും മെഡ്ലോഗും മാര്‍ച്ചില്‍ ഒപ്പുവച്ചിരുന്നു. സംയോജിത മേഖല വികസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോജിസ്റ്റിക് വിഭാഗവുമായി സഹകരിച്ചു. നിക്ഷേപ മൂല്യം SR 175 ദശലക്ഷം (46.6 ദശലക്ഷം ഡോളര്‍) വരെ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. കണ്ടെയ്നര്‍ പരിപാലനത്തിനും പരിശോധനയ്ക്കുമായി ഒരു സംയോജിത സേവന സൈറ്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷമായും പരോക്ഷമായും 400 തൊഴിലവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു.