പ്രവാസികള്‍ക്ക് ആശ്വാസം, സമയത്ത് തിരിച്ചെത്താത്തവര്‍ക്കുള്ള വിലക്ക് മാറ്റി സൗദി
- 3 വര്‍ഷമായിരുന്നു പ്രവേശന വിലക്ക്
- ജനുവരി 16 മുതല്‍ വിലക്ക് മാറി
- എല്ലാ പ്രവേശന കവാടങ്ങള്‍ക്കും നിര്‍ദേശം നല്‍കി
വിസ സമയപരിധി തീരുന്നതിന് മുമ്പ് തിരിച്ചെത്താത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശ വിലക്ക് അവസാനിപ്പിച്ച് സൗദി അറേബ്യ. കേരളത്തിലെ നിരവധി പ്രവാസികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. കോവിഡ് കാലത്തും മറ്റ് അത്യാവശ്യങ്ങള്‍ മൂലവും നാട്ടിലെത്തി കൃത്യസമയത്ത് തിരികെപ്പോകാനാകെ കൂടുങ്ങിയ നിരവധി പേര്‍ക്ക് ഇനി സൗദിയിലേക്ക് മടങ്ങാനാകും.
എക്സിറ്റ്- റീഎന്‍ട്രി വിസയില്‍ സൗദിയില്‍ നിന്ന് പോയതിനു ശേഷം കാലവധിക്ക് മുമ്പ് തിരിച്ചെത്താത്തവര്‍ക്ക് 3 വര്‍ഷത്തെ പ്രവേശന വിലക്കായിരുന്നു ഉണ്ടായിരുന്നത്. ജനുവരി 16 മുതല്‍ ഇത് നീക്കം ചെയ്തതായും രാജ്യത്തിന്‍റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.
ചില തൊഴിലാളികള്‍ കൃത്യസമയത്ത് തിരിച്ചെത്താതു മൂലം വലിയ നഷ്‍ടമുണ്ടാക്കുന്നതായി വ്യവസായികള്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇഖാമ, വര്‍ക്ക് പെര്‍മിറ്റ്, റിട്ടേണ്‍ ടിക്കറ്റുകള്‍ എന്നിവയുടെ കാര്യത്തിലുണ്ടാകുന്ന നഷ്ടമാണ് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കൃത്യസമയത്ത് തിരികെയത്താത്ത തൊഴിലാളികളെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന മന്ത്രിസഭാ തീരുമാനവും വ്യവസായികളുടെ പരാതിക്ക് കാരണമായി.
റീ എന്‍ട്രി വിസയില് നാട്ടില്‍ പോകാന്‍ അനുവദിക്കുന്നതിന് സൗദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് അടയ്ക്കാന്‍ ബാക്കിയുള്ള എല്ലാ തുകയും അടച്ചുതീര്‍ക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പാസ്പോര്‍ട്ടില്‍ 90 ദിവസമോ അതില്‍ കൂടുതലോ കാലാവധിയുള്ളവര്‍ക്കാണ് റീ എന്‍ട്രി വിസ നല്‍കുന്നത്.