മലയാളിയുടെ ക്യാംകോം കമ്പനിയുമായി സൗദി കരാര്‍
- നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വിഷന്‍ പ്ലാറ്റ്‍ഫോമാണ് ക്യാംകോം
- 2017 ല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി ആരംഭിച്ച കമ്പനി
- കരാർ സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി റൂറല്‍ അഫയേഴ്സ് ആന്റ് ഹൗസിംഗ് (മുംമ്റ) വകുപ്പുമായി
മലയാളിയുടെ കമ്പനിയുമായി സൗദി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. കോട്ടയം സ്വദേശിയും പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകനുമായ അജിത് നായരുടെ നേതൃത്വത്തിലുള്ള ക്യാംകോം എന്ന കമ്പനിയുമായാണ് സൗദി അധികൃതര്‍ കരാറുണ്ടാക്കിയത്. സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി റൂറല്‍ അഫയേഴ്സ് ആന്റ് ഹൗസിംഗ് (മുംമ്റ) വകുപ്പുമായി കഴിഞ്ഞയാഴ്ചയാണ് കരാറില്‍ ഒപ്പുവെച്ചത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വിഷന്‍ പ്ലാറ്റ്‍ഫോമാണ് ക്യാംകോം. പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന വസ്തുക്കളുടെ ചിത്രമെടുത്താലുടന്‍ അവയുടെ കേടുപാടുകള്‍ തിരിച്ചറിയാനും അത് റിപ്പയര്‍ ചെയ്യണമോ, പുതിയത് സ്ഥാപിക്കണമോ എന്നു നിര്‍ദേശിക്കാനും സാധിക്കുന്ന അത്യാധുനിക സംവിധാനമാണ് ക്യാംകോം.
അജിത് നായരിനൊപ്പം തമിഴ് നാട്ടുകാരനായ മഹേഷ് സുബ്രഹ്മണ്യം, ആന്ധ്രക്കാരനായ ഉമ മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് 2017 ല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി ക്യാംകോം ആരംഭിച്ചത്. വിപ്രോ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്ത പരിചയവുമായാണ് അജിത് നായര്‍ സ്വന്തം സംരംഭത്തിലേക്ക് എത്തുന്നത്. അമ്പതോളം ഡാറ്റാ അനലിസ്റ്റുകളും എന്‍ജിനീയര്‍മാരും നിലവില്‍ കമ്പനിക്ക് കീഴിലുണ്ട്.
വിവിധ വാണിജ്യ പ്രസിദ്ധീകരണങ്ങളിലും അക്കാദമിക് ജേണലുകളിലും അജിത് നായരുടെ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ഡെല്‍വെയര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റില്‍ എം.എസ് ബിരുദം നേടിയ ഇദ്ദേഹം പരേതനായ വേണുഗോപാലന്‍ നായരുടെയും ലളിത നായരുടെയും മകനാണ്. മികച്ച സെഫോളജിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് അജിത് നായര്‍. ബെല്‍ജിയത്തിലെ ആന്‍റ്‍വേര്‍പ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഗവേഷണ ബിരുദം നേടിയിട്ടുള്ള മായ ആനി ഏലിയാസാണ് ഭാര്യ.