24 വയസാകണം; വീട്ടുജോലിക്കുള്ള വിസചട്ടങ്ങള്‍ സൗദി പരിഷ്‍കരിച്ചു

  • ഗാര്‍ഹിക തൊഴില്‍ കരാറുകള്‍ നടപ്പാക്കേണ്ടത് മുസനെദ് പ്ലാറ്റ്‍ഫോം വഴി
  • എസ്‍ടിസി പേ, ഉർപേ ആപ്പുകളിലൂടെ ഡിജിറ്റലായി വേതനം നല്‍കാം

Update: 2023-11-28 06:08 GMT

വീട്ടുജോലിക്കായുള്ള വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കി സൗദി അറേബ്യ.  ഒരു തൊഴിലുടമയ്ക്ക് (സിംഗിള്‍ എംപ്ലോയര്‍) അത്തരമൊരു വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 24 വയസ്സാക്കി. സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ പ്ലാറ്റ്‌ഫോമായ മുസനെദ് അടുത്തിടെയാണ് വിസ അപേക്ഷകൾക്കുള്ള പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. 

ഈ നിയമങ്ങൾ പ്രകാരം, സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കും സൗദി പുരുഷന്റെ വിദേശ ഭാര്യമാർക്കും അവരുടെ അമ്മമാർക്കും സൗദി പ്രീമിയം റെസിഡൻസി പെർമിറ്റ് ഉള്ളവർക്കും തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി വിദേശ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഗാര്‍ഹിക തൊഴിൽ വിപണി കാര്യക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഉപഭോക്താക്കളുടെ അവകാശങ്ങൾ, കടമകൾ, അനുബന്ധ സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയമാണ് മുസനെദ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചിട്ടുള്ളത്. വിസ ലഭ്യമാക്കല്‍, റിക്രൂട്ട്മെന്റ് അഭ്യർത്ഥനകൾ, തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം എന്നിവ ഈ പ്ലാറ്റ്‍ഫോമിലൂടെ സാധ്യമാക്കാം. 

എസ്‍ടിസി പേ, ഉർപേ ആപ്പുകളിലൂടെ തൊഴിലാളികൾക്ക് ഡിജിറ്റലായി വേതനം നല്‍കാന്‍ മുസനെദ് പ്ലാറ്റ്ഫോം സഹായിക്കുന്നു. കൂടാതെ, ഒരു വീട്ടുജോലിക്കാരന്റെ സേവനം തൊഴിലുടമകൾക്കിടയിൽ കൈമാറുന്നത്, ഗാർഹിക തൊഴിൽ കരാറുകളുടെ ആധികാരികത, തർക്കങ്ങൾ പരിഹരിക്കൽ തുടങ്ങിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന മുസനെദ് വഴിതന്നെ ഇത്തരം തൊഴില്‍ കരാറുകള്‍ നടപ്പാക്കണമെന്ന് മന്ത്രാലയം നിഷ്‍കര്‍ഷിച്ചിട്ടുണ്ട്. 

ഹൌസ് കീപ്പര്‍മാര്‍, ഡ്രൈവർമാർ, ആയകള്‍, ശുചീകരണ തൊഴിലാളികൾ, പാചകക്കാർ, ഗാർഡുകൾ, കർഷകർ, തയ്യൽക്കാർ, ഹോം നഴ്‌സുമാർ, ട്യൂട്ടർമാർ എന്നിവരുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള വീട്ടുജോലിക്കാർ ഈ നിയന്ത്രണങ്ങൾക്ക് കീഴിൽ വരും.

Tags:    

Similar News