1.88 ബില്യണ്‍ സൗദി റിയാലിന്റെ വ്യാവസായിക ലൈസന്‍സുകള്‍ അനുവദിച്ച് സൗദി

  • ഫെബ്രുവരിയില്‍ അനുവദിച്ചത് 118 പുതിയ വ്യാവസായിക ലൈസന്‍സുകള്‍
  • രാജ്യത്ത് അനുവദിച്ചത് 1.88 ബില്യണ്‍ സൗദി റിയാലിന്റെ ലൈസന്‍സുകള്‍
  • റിയാദില്‍ വന്നത് 40 പുതിയ ഫാക്ടറികള്‍

Update: 2024-04-11 05:06 GMT

വ്യാവസായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി രാജ്യത്തിന് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സൗദി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 118 പുതിയ വ്യാവസായിക ലൈസന്‍സുകളാണ് അനുവദിച്ചതെന്ന് സൗദി വ്യാവസായിക,ധാതു വിഭവശേഷി മന്ത്രാലയം അറിയിച്ചു. 1.88 ബില്യണ്‍ സൗദി റിയാലിന്റെ ലൈസന്‍സുകളാണ് അനുവദിച്ചത്. ഭക്ഷ്യ ഉല്‍പ്പാദനം, ലോഹ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, ലോഹേതര ഉല്‍പന്നങ്ങള്‍, രാസ ഉല്‍പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ ഈ ലൈസന്‍സുകള്‍ അനുവദിച്ചു. വര്‍ഷാരംഭം മുതല്‍ മന്ത്രാലയം അനുവദിച്ച മൊത്തം വ്യാവസായിക ലൈസന്‍സുകളുടെ എണ്ണം 270 ആയി ഉയര്‍ന്നു. ഇത് രാജ്യത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയില്‍ ദ്രുതഗതിയിലുള്ള വികാസത്തെയും നിക്ഷേപത്തെയും സൂചിപ്പിക്കുന്നു.

ഫെബ്രുവരി അവസാനത്തോടെ സൗദിയിലാകമാനം 11,757 ഫാക്ടറികള്‍ പ്രവര്‍ത്തനക്ഷമമോ നിര്‍മ്മാണത്തിലോ ആയിരുന്നു. ഈ മാസത്തിനുള്ളില്‍ ഉത്പാദനം ആരംഭിച്ചത് 93 ഫാക്ടറികളാണ്. രാജ്യത്തുടനീളമുള്ള വ്യാവസായിക വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രാദേശികമായി വിതരണം ചെയ്ത പുതിയ ലൈസന്‍സുകള്‍. 40 പുതിയ ഫാക്ടറികളാണ് റിയാദില്‍ വന്നത്. കിഴക്കന്‍ മേഖലയില്‍ 35 ഉം മക്കയില്‍ 22 ഉം ഫാക്ടറികളാണ് പണിതത്. ഖാസിം, ഹായില്‍, ജസാന്‍, തബൂക്ക്, അസീര്‍, മദീന, വടക്കന്‍ അതിര്‍ത്തി മേഖല തുടങ്ങിയ പ്രദേശങ്ങളിലും പുതിയ ഫാക്ടറികള്‍ വന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കംകൂടി.

Tags:    

Similar News