സൗദി വിനോദസഞ്ചാര മേഖലയില്‍ കുതിപ്പ്;ആഡംബര റിസോര്‍ട്ടുകളുടെ വികസനം ലക്ഷ്യമിടുന്നു
- സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് കരിഷ്മ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു
- ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതിയിടുന്നു
- അന്താരാഷ്ട്ര പ്രാദേശിക നിക്ഷേപകര്‍ക്ക് സൗദി അറേബ്യ പിന്തുണ വാഗ്ദാനം ചെയ്യുന്നു
പുതിയ ആഡംബര റിസോര്‍ട്ടുകളുടെ വികസനത്തിന് സാക്ഷ്യം വഹിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് കരിഷ്മ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. ബുധനാഴ്ച ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലാണ് ഒപ്പുവച്ചത്. റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളാണ് ഉദ്ദേശിക്കുന്നത്.
നിക്ഷേപകരുടെയും പങ്കാളികളുടെയും നിലനില്‍പ്പിന് സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കുന്നതിന് കരാര്‍ വഴി സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ അവസരങ്ങളുമായി ലോകത്തെ ബന്ധിപ്പിക്കുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഇത് അന്താരാഷ്ട്ര പ്രാദേശിക നിക്ഷേപകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു.
സൗദി അറേബ്യയുടെ വിനോദസഞ്ചാരമേഖല വന്‍ കുതിപ്പ് നടത്തുന്നു. 2030 ഓടെ 150 ദശലക്ഷം സന്ദര്‍ശകര്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ല്‍ ആഭ്യന്തര,അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ വിനോദസഞ്ചാരത്തിനായി ചെലവഴിക്കുന്ന തുക 66.7 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. ഇത് ദേശീയ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നു.
ടൂറിസം ഓഫറുകള്‍ വര്‍ധിപ്പിക്കാനും വൈവിധ്യവത്കരിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുമാണ് പുതിയ ധാരണാപത്രം ലക്ഷ്യമിടുന്നത്.