വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ

  • 2024 ല്‍ സൗജന്യ ഫ്ളോട്ട് ഷെയറുകളുടെ 17 ശതമാനം ഉടമസ്ഥാവകാശം വിദേശ നിക്ഷേപകര്‍ക്ക് നല്‍കും
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും വിജയിക്കാനും ഉതകുന്ന മികച്ച സാഹചര്യം
  • ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 2023 ല്‍ 10 ബില്യണ്‍ റിയാല്‍

Update: 2024-05-04 05:25 GMT

വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി സൗദി അറേബ്യ. ഓഹരി വിപണിയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് നിക്ഷേപസാധ്യത ഒരുക്കി സാമ്പത്തികരംഗം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 2024 ല്‍ സൗജന്യ ഫ്ളോട്ട് ഷെയറുകളുടെ 17 ശതമാനം ഉടമസ്ഥാവകാശം വിദേശ നിക്ഷേപകര്‍ക്ക് നല്‍കാനാണ് നീക്കം. രാജ്യത്തെ നിക്ഷേപ സൗഹാര്‍ദമാക്കി മാറ്റുന്നതോടെ മൊത്തം ആഭ്യന്തര ഉത്പാദനം 29.4 ശതമാനം ഉയര്‍ത്താനാണ് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പദ്ധതിയിടുന്നത്. മൂലധന വിപണിയുമായി ബന്ധപ്പെട്ട മത്സരസൂചികകളില്‍ രാജ്യത്തിന്റെ തുടര്‍ച്ചയായ പുരോഗതിയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് ധനകാര്യ മന്ത്രിയും എഫ്എസ്ഡിപി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ജദാന്‍ വ്യക്തമാക്കി. കഴിവിലും സാങ്കേതികവിദ്യയിലും നവീകരണത്തിനും നിക്ഷേപത്തിനും മുന്‍ഗണന നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും വിജയിക്കാനും ഉതകുന്ന അന്തരീക്ഷം ഒരുക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഈ വര്‍ഷം 24 പുതിയ കമ്പനികളെ സ്വാഗതം ചെയ്തുകൊണ്ട് കമ്പനി ലിസ്റ്റിംഗുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ പുതിയതും വാഗ്ദാനപ്രദവുമായ മേഖലകളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ അനുവദിച്ചത് 10 ബില്യണ്‍ റിയാലായിരുന്നു. ആകെ ലിസ്റ്റിംഗിന്റെ 45 ശതമാനം ചെറുകിട,ഇടത്തരം സംരംഭകരെ ലക്ഷ്യമിട്ടാണ്.

ഈ വര്‍ഷം അവസാനത്തോടെ കടം,ജിഡിപി അനുപാതം 22 . 1 ആയി വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനികള്‍ക്ക് വൈവിധ്യമാര്‍ന്ന ധനസഹായ പദ്ധതികളും അനുവദിക്കുന്നുണ്ട്. ഇതിലൂടെ സാമ്പത്തിക മേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കുന്നത്.

സെക്യൂരിറ്റികളിലെ വിദേശനിക്ഷേപത്തിനുള്ള നിയമങ്ങള്‍ അംഗീകരിക്കുന്നതിലൂടെയും നിയന്ത്രണ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും മൂലധന വിപണിയിലെ വിദേശനിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഇത് 401 ബില്യണ്‍ റിയാലായി ഉയര്‍ന്നു. സാമ്പത്തിക മേഖലയുടെ കരുത്തും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിലവാരവും മികച്ച രീതികളും പാലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും സൗദി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പരിശീലനപരിപാടികളിലൂടേയും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളിലൂടേയും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് രാജ്യം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുപോരുന്നു. ഫിന്‍ടെക്,ഡിജിറ്റല്‍ ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ കാര്യമായ പുരോഗതി 2023 ല്‍ കൈവരിച്ചതായി എഫ്എസ്ഡിപി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫിന്‍ടെക് കമ്പനികളുടെ കുതിപ്പും കഴിഞ്ഞ വര്‍ഷം രാജ്യം കണ്ടു. ജി20 രാജ്യങ്ങളില്‍ കോര്‍പറേറ്റ് ബോര്‍ഡ് സൂചികയില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക് ലഭിച്ചതും നേട്ടമായി.

Tags:    

Similar News