ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷയില്‍ ഇളവ്. ചാരവൃത്തി ആരോപിച്ചാണ് ഇവരെ ഖത്തര്‍ അധികാരികള്‍ അറസ്റ്റുചെയ്തിരുന്നത്. വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനായി വിദേശകാര്യമന്ത്രാലയം നിരന്തരം ദോഹയുമായി ബന്ധപ്പെട്ട് വരികയായിരുന്നു.
അപ്പീല്‍ പരിഗണിച്ചശേഷമാണ് ഖത്തര്‍ കോടതി വധശിക്ഷ ഒഴിവാക്കിയത്.
വധശിക്ഷ ജയില്‍ശിക്ഷയായി കുറച്ചതായാണ് റിപ്പോര്‍ട്ട്. എത്രകാലമാണ് ശിക്ഷ എന്ന് വ്യക്തമായിട്ടില്ല. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ നിയമ സംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ന് അപ്പീല്‍ കോടതിയില്‍ ഹാജരായിരുന്നതായി മന്ത്രാലയം വിശദമാക്കി. 'വിഷയത്തിന്റെ തുടക്കം മുതല്‍ വിദേശകാര്യമന്ത്രാലയം ശിക്ഷിക്കപ്പെട്ട കുടുംബത്തിനൊപ്പമായിരുന്നു. എല്ലാ കോണ്‍സുലര്‍, നിയമ സഹായങ്ങളും തുടര്‍ന്നും അവര്‍ക്ക് നല്‍കും.
ഖത്തര്‍ അധികൃതരുമായി വിഷയവുമായി ചര്‍ച്ചചെയ്യുന്നത് തുടരും' മന്ത്രാലയം വ്യക്തമാക്കി.
പൂര്‍ണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.