പാം ജബല്‍ അലി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

  • ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗം
  • ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് സമാനതകളില്ലാത്ത ആഡംബര ജീവിതം പ്രദാനം ചെയ്യുന്നു
  • ഊര്‍ജാവശ്യത്തിന്റെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന്

Update: 2023-06-02 07:23 GMT

പാം ജബല്‍ അലി മാസ്റ്റര്‍ പ്ലാനിന് യുഎഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അനുമതി. ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ പാം ജബല്‍ അലി പദ്ധതി ദുബൈ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ നഖീലാണ് ഏറ്റെടുത്തിരിക്കുന്നത്.

മാസ്റ്റര്‍പ്ലാനിന്റെ ഔദ്യോഗികമായി അനുമതി വേളയില്‍ ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സന്നിഹിതനായിരുന്നു. ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവിയിലേക്ക് ദുബൈയെ ഉയര്‍ത്തുകയും ഇവിടെ ലോകോത്തര ജീവിതശൈലി പ്രാപ്തമാക്കുകയുമാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

ഭാവിയെക്കുറിച്ച് വലിയ കാഴ്ചപ്പാടുണ്ടെന്നും വികസനത്തിനായുള്ള തങ്ങളുടെ മഹത്തായ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീകരണവും സര്‍ഗ്ഗാത്മകതയും കൊണ്ട് വികസനത്തിന്റെ ഒരു പുതിയ കുതിപ്പിലേക്ക് ദുബൈ പ്രവേശിച്ചിരിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷൈബാനി, ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ദുബൈ മാനേജിംഗ് ഡയറക്ടര്‍, നഖീല്‍ ചെയര്‍മാന്‍, നഖീല്‍ ബോര്‍ഡിലെ അംഗങ്ങളും മറ്റ് പ്രമുഖരും പാം ജബല്‍ അലിക്ക് ഔദ്യോഗിക അനുമതി നല്‍കുന്ന വേളയില്‍ പങ്കെടുത്തു.

13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള പാം ജബല്‍ അലി വിശാലമായ ഹരിത പ്രദേശങ്ങളും ജലാശയങ്ങളും ഉള്‍ക്കൊള്ളും. ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് സമാനതകളില്ലാത്ത ആഡംബര ജീവിതം പ്രദാനം ചെയ്യുന്ന പദ്ധതിയാണിത്.

80ലധികം ഹോട്ടലുകളും റിസോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന വിനോദ സൗകര്യങ്ങളും ഇവിടെ നിലവില്‍ വരും. പാം ജബല്‍ അലിയുടെ ഊര്‍ജാവശ്യത്തിന്റെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News