യുഎഇ: ഓണ്‍ലൈന്‍ ഇടപാടുകളില്‍ 143% വര്‍ദ്ധനവ്
- യുഎഇയില്‍ കഴിഞ്ഞ റമദാനില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ 8.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
- റമദാന്‍ മാസത്തില്‍ ആരോഗ്യ,ടൂറിസം മേഖലകളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിക്കും
- 2023 ല്‍ ഓണ്‍ലൈന്‍ വിപണികളില്‍ ഉപഭോക്തൃ ഇടപാടുകളുടെ അളവ് കുത്തനെ ഉയര്‍ന്നു
വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇയിലെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് റീട്ടെയ്ല്‍,സേവന വിഭാഗങ്ങളില്‍ കുതിച്ചുയരുമെന്ന് പ്രതീക്ഷ. ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതിനാല്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റം കൂടുതല്‍ വിശ്വാസമാര്‍ജിക്കുന്നു. ഉയര്‍ന്ന പെര്‍ഫോമന്‍സ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം നല്‍കുന്ന ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനിയായ checkout.com മുന്‍കാല ചെലവിടല്‍ പ്രവണതകളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. റമദാന്‍ മാസത്തില്‍ ആരോഗ്യ,ടൂറിസം മേഖലകളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുമെന്ന് അവര്‍ കണ്ടെത്തി.
കഴിഞ്ഞ റമദാനിലെ എല്ലാ ഉല്‍പ്പന്ന, സേവന വിഭാഗങ്ങളിലുമുള്ള യുഎഇയിലെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ അളവില്‍ മുന്‍ കാലയളവിനെ അപേക്ഷിച്ച് 8.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് checkout.com ഡാറ്റകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വിപണികളില്‍ ഉപഭോക്തൃ ഇടപാടുകളുടെ അളവ് കുത്തനെ ഉയര്‍ന്നു. 143 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വസ്ത്രങ്ങള്‍(78 ശതമാനം),ഹെല്‍ത്ത് കെയര്‍(48 ശതമാനം),ട്രാവല്‍ ഏജന്‍സികള്‍(42 ശതമാനം),സ്‌പോര്‍ട്‌സും കളിപ്പാട്ടങ്ങളും (31 ശതമാനം) എന്നിങ്ങനെയാണ് റമദാനില്‍ വലിയ ഇടപാടുകള്‍ നടത്തുന്ന മറ്റ് വിഭാഗങ്ങള്‍.
ഈദ് അവധികള്‍ പ്രതീക്ഷിച്ചും വിശുദ്ധ മാസത്തിലും പ്രവാസികള്‍ അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച പണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് പണം അയക്കുന്നതില്‍ 17 ശതമാനം വര്‍ദ്ധനവുണ്ടായി. 2023 ല്‍ റമദാനിലെ ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രോസസിങ്ങ് വോളിയം ഈ മേഖലയില്‍ വര്‍ഷംതോറും 69 ശതമാനം വര്‍ദ്ധിച്ചു.