ഇന്ത്യയില്‍ നിന്ന് കയറ്റുമതിയ്ക്ക് അനുമതി;യുഎഇയില്‍ ഉള്ളി വില കുറയും

  • പെരുന്നാളിന് മുന്നോടിയായി 10,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാനാണ് ഇന്ത്യ അനുമതി നല്‍കിയത്
  • ഉള്ളിവില കിലോഗ്രാമിന് ഏഴ് ദിര്‍ഹം വരെ എത്തിയിരുന്നു
  • ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധനവ് കാരണമാണ് ഉള്ളി കയറ്റുമതി നിരോധിച്ചത്

Update: 2024-04-06 07:46 GMT

യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ വില കുറയും. പെരുന്നാളിന് മുന്നോടിയായി 10,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഉള്ളി,പച്ചക്കറികള്‍,സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് യുഎഇയില്‍ ആവശ്യകത കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ ഉള്ളിവില കുറയുന്നത് ആശ്വാസകരമാണ്.

യുഎഇയില്‍ ഉള്ളിവില വന്‍തോതില്‍ വര്‍ദ്ധിച്ച് കിലോഗ്രാമിന് ഏഴ് ദിര്‍ഹത്തിലെത്തിയിരുന്നു. സാധാരണയായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കിലോഗ്രാമിന് രണ്ട് ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയാണ് ഉള്ളിവില. വാരാന്ത്യ കിഴിവുകളുടേയും പ്രൊമോഷനുകളുടേയും ഭാഗമായി ഉള്ളി വില കിലോഗ്രാമിന് 1 ദിര്‍ഹമായി കുറച്ച സാഹചര്യവും ഉണ്ടായിരുന്നു. യുഎഇയിലേക്ക് 10,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ പ്രഖ്യാപനം നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴി വരുമെന്ന് ഇന്ത്യയിലെ വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പറഞ്ഞു. യുഎഇയിലേക്ക് കഴിഞ്ഞ മാസം അയച്ച 14,400 ടണ്ണിന് പുറമേയാണ് 10,000 ടണ്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. ചില രാജ്യങ്ങളിലേക്ക് 79,150 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ, ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധനവ് കാരണമാണ് ചരക്കുകളുടെ കയറ്റുമതി നിരോധിച്ചത്.

Tags:    

Similar News