ഷാര്‍ജയില്‍ പ്രോപ്പര്‍ട്ടി ഉടമസ്ഥാവകാശവും ഉപഭോക്തൃ ഡീഡുകളും യുഎഇ പാസുമായി ബന്ധിപ്പിക്കുന്നു

  • യുഎഇ ഡിജിറ്റല്‍ ഐഡന്റിറ്റി(യുഎഇ പാസ്) ആപ്പിന്റെ ഡിജിറ്റല്‍ വാലറ്റിലാണ് യുഎഇ പാസ് സേവനം ലഭ്യമാകുന്നത്
  • യുഎഇ ആപ്പ് വഴി ഉടമസ്ഥാവകാശവും സ്വകാര്യ ആനുകൂല്യ ഡീഡുകളും ഡൗണ്‍ലോഡ് ചെയ്യാം
  • ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഇടപാടുകളില്‍ 13.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി

Update: 2024-04-15 06:17 GMT

ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ് പ്രോപ്പര്‍ട്ടി ഉടമസ്ഥാവകാശവും ഉപഭോക്തൃ ഡീഡുകളും യുഎഇ പാസുമായി ബന്ധിപ്പിക്കുന്നു. യുഎഇ ഡിജിറ്റല്‍ ഐഡന്റിറ്റി(യുഎഇ പാസ്) ആപ്പിന്റെ ഡിജിറ്റല്‍ വാലറ്റിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഈ സേവനം നല്‍കുന്ന എമിറേറ്റ്‌സിലെ ആദ്യത്തെ സര്‍ക്കാര്‍ വകുപ്പാണിത്. ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ യുഎഇ ആപ്പ് വഴി ഉടമസ്ഥാവകാശവും സ്വകാര്യ ആനുകൂല്യ ഡീഡുകളും (ഉടമസ്ഥാവകാശ രേഖ, ജോയിന്റ് ഓണര്‍ഷിപ്പ് ഡീഡ്, യൂസഫ്രക്റ്റ് ഡീഡ് അല്ലെങ്കില്‍ ജോയിന്റ് യൂസഫ്രക്റ്റ് ഡീഡ്) ഡൗണ്‍ലോഡ് ചെയ്യാം.

എമിറേറ്റ്സിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള ആദ്യത്തെ ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റിയാണ് യുഎഇ പാസ്. സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ലളിതവും സുരക്ഷിതവുമായ രീതിയില്‍ പ്രാദേശിക, ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇത് സഹായകമാണ്. അറബ് ഇതര പൗരന്മാര്‍ക്കും എമിറേറ്റില്‍ വസ്തു വാങ്ങാന്‍ അനുമതി നല്‍കിയതു മുതല്‍ ഷാര്‍ജയുടെ റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയര്‍ന്നു. ഇത് ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ നിക്ഷേപകരില്‍ നിന്ന് വന്‍തോതിലുള്ള നിക്ഷേപ പ്രവാഹത്തിന് കാരണമായി.

ഉപഭോക്താക്കള്‍ തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് എളുപ്പവും സുഗമവുമായ അനുഭവം നല്‍കാന്‍ ഡിപ്പാര്‍ട്ട്മെന്റ് താല്‍പ്പര്യപ്പെടുന്നു. അവര്‍ തങ്ങളുടെ ഇടപാടുകള്‍ കാര്യക്ഷമമായും വേഗത്തിലും പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ അസീസ് അഹമ്മദ് അല്‍ ഷംസി പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഇടപാടുകളില്‍ 13.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇത് 2023-ല്‍ 27.1 ബില്യണ്‍ ദിര്‍ഹത്തിലെത്തി. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്.

Tags:    

Similar News