യു.എ.ഇയില്‍ നിക്ഷേപത്തിനായി മാത്രം പുതിയ മന്ത്രി; മുഹമ്മദ് ഹസന്‍ അല്‍ സുവൈദി സ്ഥാനമേറ്റു

  • യു.എ.ഇയുടെ വികസനത്തോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക ലക്‌ഷ്യം
  • നിക്ഷേപകർ ധാരാളമായി ഇങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു
  • ഗ്രീന്‍ഫീല്‍ഡ്‌വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള നഗരങ്ങളുടെ പട്ടികയിൽ ദുബായ് മുന്നിൽ

Update: 2023-07-10 09:13 GMT

യു.എ.ഇയുടെ നിക്ഷേപ വകുപ്പ് മന്ത്രിയായി മുഹമ്മദ് ഹസന്‍ അല്‍ സുവൈദി ചുമതലയേറ്റു. അബൂദബി ഖസര്‍ അല്‍ ശാത്തി കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുത്തത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും സന്നിഹിതനായിരുന്നു. യു എ ഇയുടെ നിക്ഷേപ കാഴ്ചപ്പാട് വികസിപ്പിക്കുക, നിക്ഷേപ അന്തരീക്ഷം ഉത്തേജിപ്പിക്കുക, ആഗോള നിക്ഷേപ കേന്ദ്രമായും അന്താരാഷ്ട്ര നിക്ഷേപത്തില്‍ സജീവ പങ്കാളിയായും യു.എ.ഇ നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈയിടെ നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ധനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, ആഭ്യന്തര മന്ത്രി ശൈഖ് സെയ്ഫ് ബിന്‍ സായിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്ത് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും അവയെ ക്രമീകരിക്കാനും അഭിവൃദ്ധിപ്പെടുത്താനുമായി പ്രത്യേക മന്ത്രാലയം തുടങ്ങാന്‍ യു.എ.ഇ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. യു.എ.ഇയുടെ വികസനത്തോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ നിക്ഷേപ മന്ത്രാലയം സഹായകമാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിക്ഷേപകര്‍ രാജ്യത്തേക്ക് ഒഴുകിക്കൊണ്ടിരിക്കവെയാണ് യു.എ.ഇയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

നിക്ഷേപകര്‍ക്ക് എല്ലാതരത്തിലുമുള്ള സഹായങ്ങള്‍ നല്‍കാനും അവരെ സ്വാഗതം ചെയ്യാനും യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍ മത്സരിക്കുകയാണ്. എണ്ണ മേഖലയിലും മറ്റിതര മേഖലകളിലും ഗള്‍ഫ് അഭിവൃദ്ധി കാണിക്കുന്ന ഇക്കാലത്ത് നിക്ഷേപകര്‍ ധാരാളം ഇങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഗ്രീന്‍ഫീല്‍ഡ്‌വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ മുന്നിലാണ്. ഇന്ത്യന്‍ കമ്പനികളും നിക്ഷേപ രംഗത്ത് യു.എ.ഇക്ക് മുഖ്യപരിഗണനയാണ് നല്‍കുന്നത്.

Tags:    

Similar News