ചൈനയില്‍ നിന്ന് പറക്കും കാറുകൾ യുഎഇയിലേക്ക്

  • ദുബായ് പറക്കും കാറുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വിപണി
  • രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് പറക്കും കാറുകള്‍
  • മണിക്കൂറില്‍ 130 കിമീയാണ് വേഗത

Update: 2024-04-12 07:30 GMT

കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളും ചൈനയില്‍ നിര്‍മ്മിക്കുന്ന പറക്കും കാറുകളും ഉടന്‍ യുഎഇയില്‍ എത്തുമെന്ന് ചൈനീസ് കോണ്ഡസല്‍ ജനറല്‍ ഔ ബോക്യാന്‍ പറഞ്ഞു. യുഎഇ-ചൈന ബന്ധം എല്ലാ മേഖലകളിലും വളരുകയാണ്. യുഎഇയുടെ വൈവിധ്യവത്കരണവും സാമ്പത്തിക സുസ്ഥിരതയും വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സമാന്തര വികസന പാത കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1978-ല്‍ ചൈന കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തുകയും 1980-ല്‍ ചൈനീസ് നഗരമായ ഷെന്‍ഷെനില്‍ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി ഇരു രാജ്യങ്ങളും വളരെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവരികയാണ്. യു.എ.ഇ.യിലേക്ക് വരുന്ന ചൈനീസ് പ്രവാസികളുടെയും ബിസിനസുകളുടെയും വന്‍തോതിലുള്ള ഒഴുക്കും ഉണ്ടായിട്ടുണ്ടെന്ന് ബോക്യാന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 3,70,000-ത്തിലധികം ചൈനക്കാര്‍ ദുബായില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു, കൂടാതെ 8,000 ബിസിനസുകള്‍ എമിറേറ്റിലുടനീളം പ്രവര്‍ത്തിക്കുന്നു. ഏഷ്യയെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ബന്ധിപ്പിക്കുന്ന വ്യാപാര-അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ (ബിആര്‍ഐ) യു എ ഇ സജീവ പങ്കാളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പറക്കും കാറുകള്‍ക്ക് ആകര്‍ഷകമായ വിപണി

ചൈനീസ് നിര്‍മ്മിത പറക്കും കാറുകള്‍ വാര്‍ത്തകളില്‍ തരംഗമായി മാറിയിരുന്നു. 2022 ല്‍ Gitex ഗ്ലോബല്‍ ടെക്‌നോളജി ഷോയ്ക്കിടെ ചൈനീസ് നിര്‍മ്മിത XPeng X2 അതിന്റെ രണ്ട് സീറ്റുള്ള പറക്കുന്ന കാറിന്റെ ആദ്യത്തെ പൊതു പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. മണിക്കൂറില്‍ 130 കിലോമീറ്ററാണ് കാറിന്റെ വേഗത. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. പ്രീമിയം കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയലിലാണ് കാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദുബായില്‍ അധികം വൈകാതെ തന്നെ പറക്കും കാറുകള്‍ ഇറങ്ങുമെന്നാണ് ചൈനീസ് കോണ്‍സണ്‍ ജനറല്‍ അറിയിച്ചത്.

Tags:    

Similar News