ലുലു വഴി കടല്‍കടക്കാന്‍ മില്‍മ ഉത്പന്നങ്ങള്‍

  • നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് പൗഡര്‍(ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് എന്നിവയാണ് തുടക്കത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുക.
;

Update: 2023-11-04 05:10 GMT
Milma products to hit Lulu hypermarkets in the Gulf
  • whatsapp icon

മില്‍മയുടെ നെയ്യുള്‍പ്പെടെ അഞ്ച് ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. ഇത് സംബന്ധിച്ച് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും(കെസിഎംഎംഎഫ്-മില്‍മ) ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പിട്ടു.

വ്യവസായമന്ത്രി പി രാജീവ്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, മില്‍മ ചെയര്‍മാന്‍ കെ എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെസിഎംഎംഎഫ് എംഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.

നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് പൗഡര്‍(ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് എന്നിവയാണ് തുടക്കത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുക.

പാല്‍ അധിഷ്ഠിതമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വര്‍ധിച്ചു വരുന്ന വിപണി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ലുലുവുമായുള്ള സഹകരണത്തിലൂടെ സാധിക്കും. ആഗോളബ്രാന്‍ഡായി മില്‍മ മാറുന്നതിന് ഈ സഹകരണം വഴിവയ്ക്കുമെന്നും ഇതിന്റെ ഗുണം ആത്യന്തികമായി കര്‍ഷകര്‍ക്കാണ് ലഭിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയത്തെയും അദ്ദേഹം അഭിനന്ദിച്ചു. മില്‍മയുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലുലുഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് മില്‍മ എം ഡി ആസിഫ് കെ യൂസഫ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലുലുവിന്റെ മറ്റ് രാജ്യങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് മില്‍മ തയ്യാറാക്കുന്നതെന്ന് ലുലുവിന്റെ ഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം എ പറഞ്ഞു. കൂടുതല്‍ ഉത്പന്നങ്ങള്‍ എങ്ങനെ എത്തിക്കാനാകും എന്നത് സംബന്ധിച്ച് മില്‍മയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News