മേക്ക് ഇന്‍ ദ എമിറേറ്റ്‌സ് ഫോറം 31ന് അബുദബിയില്‍

  • പുതിയ അവസരങ്ങള്‍ കണ്ടെത്തല്‍, പങ്കാളിത്തം എന്നിവയ്ക്ക് അവസരം
  • ആദ്യദിനത്തില്‍ 3 പ്രധാന സെഷനുകൾ
  • പുതിയ സംഗമം ഉദ്ഘാടന പതിപ്പിന്റെ വിജയത്തെ തുടർന്ന്

Update: 2023-05-29 10:01 GMT

അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്, അഡ്‌നോക് എന്നിവയുടെ പങ്കാളിത്തത്തോടെ യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മേക്ക് ഇന്‍ ദ എമിറേറ്റ്‌സ് ഫോറത്തിന്റെ രണ്ടാം പതിപ്പ് മെയ് 31ന് ആരംഭിക്കും. ജൂണ്‍ ഒന്നുവരെ നീണ്ടു നില്‍ക്കുന്ന ഈ വ്യാവസായിക സംഗമം യുഎഇ തലസ്ഥാനമായ അബൂദബിയിലാണ് നടക്കുന്നത്.

പുതിയ അവസരങ്ങള്‍ കണ്ടെത്തല്‍, പങ്കാളിത്തം തുടങ്ങിയവയ്ക്ക് അവസരമൊരുക്കുന്ന സംഗമം വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷ. വ്യവസായിക വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍, നവ സംരംഭകര്‍, ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മേക്ക് ഇന്‍ ദ എമിറേറ്റ്‌സില്‍ പങ്കെടുക്കും. സുസ്ഥിര വ്യാവസായിക വികസനം, കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കല്‍, കാലാവസ്ഥാ സംരക്ഷണം എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാവും. അറബ് മേഖലയിലെ പ്രധാന വ്യാവസായിക പരിപാടികളിലൊന്നാണിത്.

ഫോറത്തിന്റെ ആദ്യ ദിനത്തില്‍ മൂന്ന് പ്രധാന സെഷനുകള്‍ ഉള്‍ക്കൊള്ളുന്നു. പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക വകുപ്പ് സഹമന്ത്രി സാറാ അല്‍ അമീരി, ദുബൈ ഹോള്‍ഡിംഗ് അസറ്റ് മാനേജ്‌മെന്റ് (DHAM) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാലിക് അല്‍ മാലിക്, അന്ന കരിന്‍ റോസന്‍ എന്നിവര്‍ ഒരു പാനല്‍ ചര്‍ച്ചയുടെ ഭാഗമായി എത്തും.

വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തിലാണ് രണ്ടാമത്തെ പാനല്‍ ചര്‍ച്ച നടക്കുക. അബുദബി ഇക്കണോമിക് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബിയും വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഒമര്‍ അല്‍ സുവൈദിയും ഇതില്‍ സംസാരിക്കും.മൂന്നാമത്തെ പാനലില്‍ കോപ്28മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോപ് 28 ന്റെ ഡയറക്ടര്‍ ജനറലും പ്രത്യേക പ്രതിനിധിയുമായ മാജിദ് അല്‍ സുവൈദിയുടെ സാന്നിധ്യത്തിലാണ് ഇത് നടക്കുക.

കഴിഞ്ഞ വര്‍ഷം ഉദ്ഘാടന പതിപ്പ് വന്‍ വിജയമായതിന്‍റെ ചുവടുപിടിച്ചാണ് രണ്ടാമത്തെ മേക്ക് ഇന്‍ ദ എമിറേറ്റ്‌സ് ഫോറം സംഘടിപ്പിക്കുന്നത്.

Tags:    

Similar News