ദുബായില്‍ ആഡംബര ഭവനങ്ങള്‍ക്ക് പ്രിയമേറുന്നു
- 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ വിലയുള്ള 150 വീടുകളുടെ വില്‍പന നടന്നു
- ദുബായില്‍ കഴിഞ്ഞ വര്‍ഷം 431 വീടുകളുടെ വില്‍പന 10 മില്യണ്‍ ഡോളറിനു മുകളില്‍ രേഖപ്പെടുത്തി
- ദുബായിലെ പ്രൈം റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റും പ്രകടനത്തില്‍ കുതിച്ചുചാട്ടം നടത്തി
10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ വിലയുള്ള ദുബായ് വീടുകളുടെ വില്‍പ്പന 2024 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ കുതിച്ചുയര്‍ന്നു. ഇത്തരത്തിലുള്ള 150 വീടുകളാണ് വിറ്റത്. 2023 ലെ ഒന്നാം പാദത്തിലേക്കാള്‍ 19 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉയര്‍ന്ന വിലനിലവാരമുള്ള വീടുകളുടെ വില്‍പ്പന ഇനിയും തുടരുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തികള്‍ ദുബായിലേക്ക് താമസത്തിനെത്തുന്നതു കാരണം വീടുവില്‍പന ഉയരുക തന്നെ ചെയ്യും.
2023 ലെ ഒന്നാം പാദത്തില്‍ നിന്ന് ആറ് ശതമാനം വര്‍ദ്ധിച്ച് 1.73 ബില്യണ്‍ ഡോളറാണ് ക്യു1 കാലത്ത് വിറ്റ ആഡംബര ഭവനങ്ങളുടെ മൂല്യം. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വീടു വിപണിയാണ് ദുബായിലേത്. ദുബായില്‍ കഴിഞ്ഞ വര്‍ഷം 431 വീടുകളുടെ വില്‍പന 10 മില്യണ്‍ ഡോളറിനു മുകളില്‍ രേഖപ്പെടുത്തി. ലണ്ടനില്‍ ഇത്തരത്തിലുള്ള 240 വീടുകളാണ് വില്‍പന നടത്തിയത്. പാം ജുമൈറ 628 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡീലുകള്‍ രജിസ്റ്റര്‍ ചെയ്ത് ആഡംബര ഭവന വിപണിയില്‍ ഒന്നാം പാദത്തില്‍ ആധിപത്യം സ്ഥാപിച്ചു. ആകെ മൂല്യത്തിന്റെ 36.3 ശതമാനം വില്‍പനയാണ് പാം ജുമൈറയില്‍ നടന്നത്. ജുമൈറ ബേ ഐലന്റ് (11.1 ശതമാനം),ദുബായ് ഹില്‍സ് എസ്റ്റേറ്റ്(7 ശതമാനം) എന്നിവയാണ് ആഡംബര ഭവന വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
ആകെ വില്‍പന നടത്തിയ ആഡംബര ഭവനങ്ങളില്‍ പാം ജുമൈറയില്‍ 39 ഉം പാം ജബല്‍ അലിയില്‍ പത്തും ബിസിനസ് ബേയില്‍ ഏഴും വീടുകളുടെ വില്‍പന നടന്നു. ആഡംബര ഭവനം വാങ്ങുന്നവര്‍ക്കിടയില്‍ അടുത്തിടെ ഇടംപിടിച്ച സ്ഥലമാണ് ദുബായ് ഹില്‍സ് എസ്റ്റേറ്റ്. മികച്ച സ്‌കൂളുകള്‍,ഹരിതഭംഗി,മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നിവ കാരണം ധാരാളം പേര്‍ ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നു. ഡിമാന്റ് കൂടിയതിനാല്‍ ഇവിടത്തെ വീടു വില കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏകദേശം 11 ശതമാനം വര്‍ദ്ധിച്ചു. അതേസമയം വില്‍പനയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം 75 ശതമാനം കുറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ 1,000 യൂണിറ്റുകളായി.
നൈറ്റ് ഫ്രാങ്ക് പറയുന്നതനുസരിച്ച്, പാം ജുമൈറ, ജുമൈറ ബേ ഐലന്‍ഡ്, എമിറേറ്റ്‌സ് ഹില്‍സ് എന്നിവ ഉള്‍പ്പെടുന്ന ദുബായിലെ പ്രൈം റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റും പ്രകടനത്തില്‍ കുതിച്ചുചാട്ടം നേടിയിട്ടുണ്ട്. ദുബായുടെ പ്രൈം റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് കഴിഞ്ഞ 12 മാസത്തിനിടെ 26.3 ശതമാനം വളര്‍ന്നു. ഈ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചാ നിരക്കുകള്‍ അസാധാരണമാണെങ്കിലും, ദുബായിലെ ആഡംബര ഭവന വിപണി ഇപ്പോഴും ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നായി തുടരുന്നു എന്നത് വലിയ ആശ്വാസമാണ്.