ലുലുഗ്രൂപ്പ് ബിസിനസ് ശൃഖല വ്യാപിപ്പിക്കുന്നു; മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

  • ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
  • 23,260 ചതുരശ്ര അടി വിസ്തൃതിയിലാണ് മദീനയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പണിയുന്നത്
  • മലയാളികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ക്ക് ജോലി സാധ്യത

Update: 2024-04-02 11:36 GMT

സൗദി അറേബ്യയില്‍ ബിസിനസ് ശൃഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്.  മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം മക്കയില്‍ നടത്തിയിരുന്നു. ആ വേളയിലാണ് അദ്ദേഹം അക്കാര്യം അറിയിച്ചത്.

മക്കയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മ്മാണം ജബല്‍ ഒമര്‍ ഡവലപ്‌മെന്റ് കമ്പനിയാണ് നിര്‍വഹിക്കുന്നത്. ജബല്‍ ഒമറിലെ സുഖൂല്‍ ഖലീല്‍ 3 ലാണ് സംരംഭം ആരംഭിക്കുന്നത്. ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപ്പാര്‍ട്ട്‌മെന്റുകളും പണിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അല്‍മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനിയാണ് മദീനയിലാരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വം വഹിക്കുന്നത്. 23,260 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.

സൗദി അറേബ്യയില്‍ 100 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയൊരുക്കും. സൗദിയിലെ വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി 1,100 വനിതകള്‍ ഉള്‍പ്പെടെ 3300 സൗദി പൗരന്മാരാണ് ജോലി ചെയ്യുന്നത്.

Tags:    

Similar News