ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് വിസിറ്റ് വിസകള്‍ പുനരാരംഭിച്ച് കുവൈറ്റ്

  • ടൂറിസം മേഖല ശക്തിപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം
  • ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു
  • സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല

Update: 2024-02-06 10:40 GMT

കുവൈറ്റ് ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിവെച്ച ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വിസിറ്റ് വിസകള്‍ പുനരാരംഭിച്ചു. നാളെ ഫെബ്രുവരി 7 മുതല്‍ വിസ അനുവദിച്ചുതുടങ്ങും. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിസ നല്‍കുന്നത്.

രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖല ശക്തിപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ വിസിറ്റ് വിസകളും പുനരാരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് നിര്‍ദേശം നൽകി.


സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല. സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമായിരിക്കും സന്ദര്‍ശകര്‍ക്ക് ചികിത്സ ലഭിക്കുക. സന്ദര്‍ശകര്‍ നിയുക്ത താമസ കാലയളവ് ലംഘിക്കുകയാണെങ്കില്‍ സന്ദര്‍ശകര്‍ക്കെതിരേയും സ്‌പോണ്‍സര്‍ക്കെതിരേയും സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും. സന്ദര്‍ശന വിസയിലെത്തിയാല്‍ കാലയളവിനുള്ളില്‍ രാജ്യം വിടുമെന്നും, രാജ്യത്ത് സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്നും രേഖാമൂലമുള്ള സത്യപ്രസ്താവന നൽകണം. 

നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സന്ദര്‍ശന വിസ ലഭിക്കുക

കുടുംബ വിസയിൽ പിതാവ്, മാതാവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ അപേക്ഷകന് കുറഞ്ഞത് 400 കുവൈറ്റ് ദിനാര്‍ (1,07,939 രൂപ) ശമ്പളമുണ്ടായിരിക്കണം. ബാക്കിയുള്ള ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പളം 800 കുവൈറ്റ് ദിനാറില്‍ (2,15,866 രൂപ) കുറയരുത് എന്നീ വ്യവസ്ഥകള്‍ പാലിക്കണം.

കുവൈറ്റ് കമ്പനി നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ വിദ്യാഭ്യാസ, സാങ്കേതിക യോഗ്യതകൾ ഉള്ള വ്യക്തികള്‍ക്കാണ് ഈ വിസ അനുവദിക്കുക.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ആയും ടൂറിസ്റ്റ് വിസ ലഭിക്കും. കുവൈറ്റ് വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തി ചെക്‌പോസ്റ്റ് എന്നിവിടങ്ങളിൽ നേരിട്ട് ടൂറിസ്റ്റ് വിസ ലഭിക്കും. ഹോട്ടലുകളും ടൂർ കമ്പനികളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കണം.

Tags:    

Similar News