വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
- പരീക്ഷ നടത്തി യോഗ്യരായവർക്ക് മാത്രം വിസ നൽകുന്ന സമ്പ്രദായം ആണ് വരുന്നത്
- ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നീക്കം.
- ഇത് ജനുവരി രണ്ടാം വാരം ആദ്യം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു
വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് പ്രായോഗിക പരീക്ഷകൾ നിർബന്ധമാക്കാൻ കുവൈത്ത്. ദേശീയ വികസന പദ്ധതിയുടെ പ്രധാന ഘടകമായി സൗദിക്ക് പിന്നാലെ കുവൈറ്റും വർക്ക് പെർമിറ്റ് നൽകുന്നതിന് മുൻവ്യവസ്ഥയായി വിദഗ്ധ സാങ്കേതിക തൊഴിലാളികൾക്ക് പ്രായോഗിക പരീക്ഷകൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. പരീക്ഷ നടത്തി യോഗ്യരായവർക്ക് മാത്രം വിസ നൽകുന്ന സമ്പ്രദായം ആണ് വരുന്നത്. ടെസ്റ്റിൽ പാസായവർക്കാകും വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക.
പരീക്ഷയുടെ രേഖയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി സഹകരിച്ച്, സ്മാർട്ട് റിക്രൂട്ട്‌മെന്റിനായുള്ള പ്രൊഫഷണൽ സിസ്റ്റം പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നടപടി. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം. പിഎഎഇടിയുമായി ഒരു ധാരണാപത്രം തയ്യാറാക്കി കൊണ്ടിരിക്കുക ആണെന്നും, ഇത് ജനുവരി രണ്ടാം വാരം ആദ്യം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിഎഎം അറിയിച്ചു. ഈ ധാരണാപത്രം കുവൈറ്റിലെ വിദഗ്ധ തൊഴിലാളികൾക്കായി പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകൾ നടത്തുന്നതിനുള്ള ചട്ടക്കൂട് സജ്ജമാക്കും, ഇത് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് നിർബന്ധിത ആവശ്യകതയാക്കുന്നു.
ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച്, ടെസ്റ്റുകൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും നിർദ്ദിഷ്ട തൊഴിലുകൾക്ക് ബാധകമാക്കുകയും ചെയ്യും. കുവൈറ്റിലെ തൊഴിലാളികളുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കുകയും, തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഈ ടെസ്റ്റുകളുടെ പ്രാഥമിക ലക്ഷ്യം. ഇനിമുതൽ പ്രാക്ടിക്കൽ ടെസ്റ്റ് ഇല്ലാതെ ആർക്കും വർക്ക് പെർമിറ്റ് അനുവദിക്കില്ല. തൊഴിൽ രംഗത്തെ ചൂഷണം തടയുകയും നവീകരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നൈപുണ്യ വർഗ്ഗീകരണങ്ങൾ നൽകുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികളും ആലോചിച്ചു വരുന്നു. ഈ സംവിധാനം നൈപുണ്യവും, അനുഭവപരിചയവും അടിസ്ഥാനമാക്കി തൊഴിൽ തലങ്ങളെ തരംതിരിക്കും, വിശദാംശങ്ങൾ ഭാവിയിൽ അന്തിമമാക്കും. കരാറ്‍ മേഖലയിലെ തൊഴിലാളികളുടെ കഴിവുകള്‍ പരിശോധിച്ച് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനുള്ള പരീക്ഷണങ്ങള്‍ ആദ്യം നടപ്പാക്കുകയും, തൊഴിൽ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുയും, തട്ടിപ്പ്, നിലവാരമില്ലാത്ത സേവങ്ങൾ എന്നിവയില്‍ നിന്നും കുവൈത്ത് കുടുംബങ്ങളെ സംരക്ഷിക്കുകയുമാണ് ഉദ്ദേശ്യം.
ആദ്യഘട്ടത്തിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർ, എസി-ഫ്രിഡ്ജ് ടെക്‌നീഷ്യൻ, ഓട്ടോ മെബൈൽ ഇലക്ട്രീഷ്യൻ എന്നീ അഞ്ച് ജോലികൾക്കാണ് ടെസ്റ്റ്. കൂടുതൽ തൊഴിൽ മേഖലയിലേക്ക് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. കുവൈത്തിലും, സൗദിയിലും ഈ നടപടികൾ വിദേശ തൊഴിലാളികളുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ രംഗത്തെ ചൂഷണം തടയാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.