വിസ വേണ്ട; ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വാതിൽ തുറന്ന് ഇറാൻ

  • കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് ഇറാന്റെ ഈ നീക്കം
  • കര അതിർത്തിയിലൂടെ ഇറാനിൽ പ്രവേശിക്കുന്നവർക്ക് വിസ ലഭിക്കേണ്ടതുണ്ട്
  • ബിസിനസ് യാത്രകൾക്കോ, സ്റ്റുഡന്റ്സിനോ ഫ്രീ വിസ അനുവദിക്കുകയില്ല

Update: 2024-02-09 14:19 GMT

ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ ഇറാനിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ല. ഫെബ്രുവരി ആദ്യവാരം മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നയം ടൂറിസം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കും. ഇന്ത്യൻ പാസ്‌പോർട്ടും വിമാനടിക്കറ്റും ഉള്ള ആർക്കും ഇറാനിൽ പറന്നിറങ്ങാം. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാർക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

ലോകമെമ്പാടുമുള്ള കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് ഇറാന്റെ ഈ നീക്കം. 2022ലെ ടൂറിസം മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം 68 രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് വിസ ആവശ്യകത ഒഴിവാക്കിയിരുന്നു. 

അതേസമയം, കര അതിർത്തിയിലൂടെ ഇറാനിൽ പ്രവേശിക്കുന്നവർക്ക് വിസ ലഭിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള കൂടുതൽ സന്ദർശകരെ ആകർഷിച്ച് ടൂറിസം വർധിപ്പിക്കാനാണ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

യാത്ര ലളിതമാക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള 2022 ലെ ടൂറിസം മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. 2023 ഡിസംബറിൽ 33 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ ആവശ്യകതകൾ എടുത്തുകളയുന്നതായി ഇറാൻ പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്ര ബന്ധങ്ങളിലെ മികച്ച മുന്നേറ്റമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.

എന്നാൽ ടൂറിസ്റ്റുകൾക്ക് മാത്രം ആണ് ഫ്രീ വിസ എൻട്രി അനുവദിക്കുന്നത്‌. ആറു മാസം കൂടുമ്പോൾ സന്ദർശിക്കാം. 15 ദിവസത്തേക്ക് മാത്രം ആയിരിക്കും വിസ കാലാവധി. ഈ കാലാവധി പരിധി കഴിഞ്ഞു തങ്ങാൻ വേറെ അനുമതി വേണം. ബിസിനസ് യാത്രകൾക്കോ, സ്റ്റുഡന്റ്സിനോ ഫ്രീ വിസ അനുവദിക്കുകയില്ല. എയർ ട്രാവൽ അല്ലാതെ മറ്റ്‌ മാർഗങ്ങളിലൂടെ വരുന്നവർക്ക് വിസ ആവശ്യം ആണ്.

തുർക്കി, അസർബൈജാൻ, ഒമാൻ, ചൈന, അർമേനിയ, ലെബനാൻ, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസ ആവശ്യകതകൾ ഇറാൻ നേരത്തേ എടുത്തുകളഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹവുമായി ഇടപടകുന്നതിൽ ഇറാന്റെ പ്രതിബദ്ധത തെളിയിക്കുന്ന നീക്കമാണിതെന്ന് ഇറാൻ ടൂറിസം മന്ത്രി ഇസ്സത്തുല്ല സർഗാമി ദേശീയ വാർത്താ ഏജൻസിയായ ഇർനയോട് പറഞ്ഞു. ഇറാനെതിരായ തെറ്റായ പ്രചാരണങ്ങളും കിംവദന്തികളും ഇല്ലാതാക്കാൻ കൂടി ഇത് സഹായിക്കും. '

ഇറാനിൽ ടൂറിസം മേഖല വലിയ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2023ലെ ആദ്യ എട്ട് മാസങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ വരവ് 48.5 ശതമാനം വർധിച്ച് 44 ലക്ഷമായി. ദേശീയ വരുമാനം വർധിപ്പിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ ടൂറിസം മേഖല ഉപയോഗപ്പെടുത്തുന്നതിന് സമാനമായാണ് ഇറാനും ഉദാരമായ വിസ നയങ്ങൾ സ്വീകരിക്കുന്നത്.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ ബഹ്‌റൈൻ, കുവൈറ്റ്, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ടുണീഷ്യ, ടാൻസാനിയ, മൗറിറ്റാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെൽസ്, ജപ്പാൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, ക്യൂബ, വിയറ്റ്‌നാം, കംബോഡിയ, ബ്രൂണെ, ബ്രസീൽ, മെക്‌സിക്കോ, പെറു, ക്രൊയേഷ്യ, സെർബിയ, ബോസ്‌നിയ ഹെർസഗോവിന, ബെലാറസ് എന്നീ രാജ്യങ്ങൾക്ക് ആണ് ഇറാൻ വിസ രഹിത പ്രവേശനം അനുവദിച്ചത്. 

Tags:    

Similar News