സൗദി ഓഹരി വിപണിയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു
- സൗദി വിപണിയിലെ പണലഭ്യതയാണ് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നത്
- ആഗോള നിക്ഷേപ ഫണ്ടുകളും നിക്ഷേപ വളര്‍ച്ചയെ സ്വാധീനിക്കുന്നു
- കമ്പനികള്‍ക്ക് മികച്ച സാഹചര്യമുള്ളതിനാല്‍ നിക്ഷേപ സാധ്യതയും വര്‍ദ്ധിക്കുന്നു
സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റെ ഓഹരി വിപണിയില്‍ പരോക്ഷ നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഇഎഫ്ജി ഹെര്‍മിസിന്റെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി വിപണിയിലെ പണലഭ്യതയാണ് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കൂടാതെ ആഗോള നിക്ഷേപ ഫണ്ടുകളും രാജ്യത്തിന്റെ വിപണിയില്‍ അതീവ താത്പര്യം കാണിക്കുകയും രാജ്യത്തിന്റെ നിക്ഷേപ വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്യുന്നു.
കമ്പനികള്‍ക്ക് മികച്ച സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡെറിവേറ്റീവ് മാര്‍ക്കറ്റിലും ലിസ്റ്റ് ചെയ്യാന്‍ പ്രോത്സാഹനമായി. സൗദിയുടെ സാമ്പത്തിക അടിസ്ഥാനതത്വങ്ങള്‍ ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഇത് മിക്കവാറും എല്ലാ മേഖലകളേയും പ്രതിനിധീകരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ നിരവധി വാതിലുകളും മേഖലകളും തുറന്നു. ഇത് സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി പരോക്ഷമായി നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
വരുംദിവസങ്ങളില്‍ ഭവന വ്യവസായം വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന മേഖലകളിലും നിക്ഷേപം തുടരുമെന്നാണ് വിലയിരുത്തല്‍. മറ്റ് മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.