ഒരു വര്‍ഷം അഞ്ച് കോടി യാത്രക്കാര്‍;ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം
- അന്താരാഷ്ട്ര യാത്രക്കാരുടെ ട്രാന്‍സിറ്റ് ഹബ്ബായി ഹമദ് വിമാനത്താവളം
- 2023 ല്‍ വിദേശ യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി
- ഈ വര്‍ഷം അഞ്ച് മാസത്തിനുള്ളില്‍ ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചത് നാല് പുതിയ വിമാനക്കമ്പനികള്‍
ഒരു വര്‍ഷം അഞ്ച് കോടി യാത്രക്കാരുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കി. വിമാനത്താവളത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ കൈവരിച്ചത് ചരിത്ര നേട്ടം.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇത്രയേറെ യാത്രക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഹമദ് വിമാനത്താവളം വഴി സഞ്ചരിക്കുന്നത്. ഖത്തറിലേക്ക് പ്രവേശിക്കുന്നവരും അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാന്‍സിറ്റ് ഹബ് എന്ന നിലയിലുമുള്ള വളര്‍ച്ചയുടെ സൂചനയാണ് യാത്രക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്.
2023 ല്‍ ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തിയ വിദേശ യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ പുതിയ മൂന്ന് വിദേശ വിമാനക്കമ്പനികളാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അഞ്ച് മാസത്തിനുള്ളില്‍ നാല് പുതിയ വിമാനക്കമ്പനികള്‍ ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ 255 നഗരങ്ങളിലേക്കാണ് ഹമദ് വിമാനത്താവളത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുള്ളത്.
അതേസമയം ഹമദ് വിമാനത്താവളത്തിലെ വികസനപദ്ധതികള്‍ രണ്ടാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ സമയത്ത് അന്താരാഷ്ട്ര അംഗീകാരങ്ങളും ലോകമെമ്പാടുമുള്ള യാത്രക്കാരുടെ കേന്ദ്രമായി മാറുന്നതുമെല്ലാം ശുഭസൂചനയാണ്.