വിദേശ നിക്ഷേപം: യുഎഇയിലേക്ക് കഴിഞ്ഞവര്‍ഷമെത്തിയത് 84 ശതകോടി ദിര്‍ഹം

  • ലോക രാജ്യങ്ങളില്‍ പ്രധാന നിക്ഷേപ കേന്ദ്രമായി യുഎഇ മാറി
  • ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പ്രധാന നിക്ഷേപ കേന്ദ്രമായി യു എ ഇ യെ കാണുന്നു
  • 997 നിക്ഷേപ പദ്ധതികൾ യുഎഇ യിൽ നടപ്പാക്കി

Update: 2023-07-07 12:45 GMT

വിദേശ നിക്ഷേപത്തില്‍ വന്‍ മുന്നേറ്റവുമായി യുഎഇ. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 84 ശതകോടി ദിര്‍ഹം. യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക രാജ്യങ്ങളില്‍ പ്രധാന നിക്ഷേപ കേന്ദ്രമായി യുഎഇ മാറിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. ആഗോള വ്യാപകമായി നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും യുഎഇക്ക് റെക്കോഡ് നേട്ടമാണ് സ്വന്തമാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ തങ്ങളുടെ പ്രധാന നിക്ഷേപ രാജ്യമായി യുഎഇയെ കണക്കാക്കുകയാണ്. ലോകമൊട്ടുക്കുള്ള കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ നാലാംസ്ഥാനത്താണ് യുഎഇ ഉള്ളത്. യുഎസ്, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. 2022 വര്‍ഷത്തില്‍ 997 നിക്ഷേപ പദ്ധതികളാണ് യുഎഇയില്‍ പുതുതായി നടപ്പിലാക്കിയത്.

ആഗോളതലത്തിലും ആഭ്യന്തരമായും നിക്ഷേപങ്ങള്‍ സ്വീകരിക്കാനും അവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി നിക്ഷേപ മന്ത്രാലയം രൂപീകരിക്കുന്നുവെന്ന് യുഎഇ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എണ്ണ വരുമാനത്തിനു പുറമേ വാണിജ്യ വ്യവസായ മേഖലകളില്‍ വൈവിധ്യങ്ങള്‍ വരുത്താനുള്ള ശ്രമം ജിസിസി രാജ്യങ്ങള്‍ ഈയിടെ നടത്തിവരുന്നുണ്ട്. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് യോഗത്തിന് ശേഷം ട്വിറ്ററിലൂടെ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ആദ്യം ശൈഖ് മുഹമ്മദ് ഡി 33 എന്നറിയപ്പെടുന്ന 10 വര്‍ഷത്തെ സാമ്പത്തിക പദ്ധതി അവതരിപ്പിച്ചിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനും ദുബൈയെ ഒരു ദശാബ്ദത്തിനുള്ളിലെ മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറ്റാനും ലക്ഷ്യമിടുന്നതാണ്.

Tags:    

Similar News