അറബ് രാജ്യങ്ങള്‍ യുഎസിനെയും യൂറോപ്പിനെയും കടത്തിവെട്ടുമോ?
- ലോകത്തെ ഏറ്റവും സഞ്ചിത ആസ്തിയുള്ള രാജ്യമായി സൗദി
- യുക്രെയ്ന്‍ യുദ്ധവും റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗുണമായി
ജിസിസി രാജ്യങ്ങള്‍ സാമ്പത്തിക അഭിവൃദ്ധിയില്‍ ഒന്നാം സ്ഥാനത്തേക്കെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം 2030 ഓടെ സാമ്പത്തിക രംഗത്ത് ലോകത്തിലെ തന്നെ ഉന്നതന്‍മാരായി അറബ് രാഷ്ട്രങ്ങള്‍ വാഴുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യയിലെ വന്‍ സമ്പന്ന പദവിയിലുള്ള ചൈനയെ കടത്തിവെട്ടാന്‍ സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ കുതിക്കുകയാണ്.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ സാമ്പത്തിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എണ്ണഖനികളും പുതിയ വാണിജ്യ, വ്യാപാര തന്ത്രങ്ങളുമായി ഗള്‍ഫ് മുന്നേറുകയാണ്. യുക്രെയ്ന്‍ യുദ്ധവും റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗള്‍ഫ് രാജ്യങ്ങൾക്ക് ഗുണമായി മാറിയിട്ടുണ്ട്. എണ്ണ വരുമാനവും അതിലെ അധീശത്വവും നിലവില്‍ ഗള്‍ഫിന് അനുകൂലമാണ്.
സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഉയരത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ സഞ്ചിത ആസ്തിയുള്ള രാജ്യമായി സൗദി അറേബ്യ കുതിക്കുന്നതായാണ് വാര്‍ത്ത. 2030 ഓടെ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട് രണ്ട് ട്രില്യന്‍ ഡോളറിനും മുകളിലെത്തും. പുതിയ നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വികസന പദ്ധതികള്‍ ആഗോള തലത്തില്‍ തന്നെ സൗദിയെ ഇപ്പോള്‍ പ്രസിദ്ധമാക്കിയിട്ടുണ്ട്.
പൊതുവെ സമാധാനത്തിന്റെ പാതയിലാണ് ഇപ്പോള്‍ ഗള്‍ഫ്. യമന്‍-ഹൂത്തി യുദ്ധത്തിന് ശമനം വന്നതും നേരത്തെ വൈരാഗ്യത്തിലായിരുന്ന പല രാജ്യങ്ങളുമായും സൗഹൃദത്തിലായതും സൗദിയുടെ അഭിവൃദ്ധിക്കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. അതേ അവസരത്തില്‍ യുഎഇയും തങ്ങളുടെ അഭിവൃദ്ധിക്കായി സദാ ജാഗ്രതയിലാണ്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഈ രാജ്യത്തെ ഭരണകൂടം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ തന്നെ ഒരു കമ്പോള ഹബ്ബായി മാറാന്‍ ദുബൈ ഇടപെടലുകള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ ഗള്‍ഫിന് ലഭിച്ച പുതിയ മേല്‍ക്കൈ ലോക സമവാക്യങ്ങളെത്തന്നെ മാറ്റിയെഴുതുമോ എന്ന ചിന്തയിലാണ് സാമ്പത്തിക അവലോകനം നടത്തുന്നവർ