സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ഇനി മുതല്‍ പിഴ
- പിഴ ഈടാക്കുന്നത് ജൂലൈ8 മുതൽ
- 3 ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 മുതൽ
- 2026 അവസാനത്തോടെ 10 ശതമാനം ലക്‌ഷ്യം
ദുബൈ: യു.എ.ഇയില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ഇനി മുതല്‍ പിഴ. അര്‍ധവര്‍ഷ സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്കാണ് ജൂലൈ എട്ടുമുതല്‍ പിഴയുണ്ടാവുകയെന്ന് ഹ്യുമന്‍ റൈറ്റ്‌സ് ആന്റ് ഇമിറൈറ്റേഷന്‍ മന്ത്രാലയം (എം.ഒ.എച്ച്.ആര്‍.ഇ) അറിയിച്ചു.
രാജ്യത്ത് 50 ജീവനക്കാരോ അതില്‍ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കാണ് അര്‍ധ വാര്‍ഷിക സ്വദേശിവത്കരണം പൂര്‍ത്തീകരിക്കാനുള്ള അവസാന തിയ്യതിയായി ജൂലൈ ഏഴ് തീരുമാനിച്ചിരുന്നത്. 2022 അവസാനത്തോടെയാണ് നിയമം നടപ്പാക്കാനായി അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ജീവനക്കാരില്‍ രണ്ട് ശതമാനം ഉയര്‍ന്ന പദവികള്‍ സ്വദേശികള്‍ക്ക് നല്‍കണമെന്നാണ് നിബന്ധന. തുടര്‍ന്ന് ഓരോ ആറുമാസത്തിലും സ്വദേശികളുടെ എണ്ണം ഒരു ശതമാനം വച്ച് വര്‍ധിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇതു പ്രകാരം 2023 ജൂലൈ ഏഴോടെ 3 ശതമാനം സ്വദേശിവത്കരണം നടത്തണം. ഈ വര്‍ഷം അവസാനത്തോടെ അത് 4 ശതമാനമാക്കി ഉയര്‍ത്തണം. ഇത്തരത്തില്‍ 2026 അവസാനത്തോടെ പത്തു ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം. സമയപരിധി കണക്കിലാക്കി ലക്ഷ്യം കൈവരുത്താത്ത കമ്പനികള്‍ക്ക് പ്രതിമാസം 7,000 എന്ന തോതില്‍ 42,000 ദിര്‍ഹം വരെ പിഴ വരും. ഇക്കാര്യത്തില്‍ എന്തെങ്കിലും കൃത്രിമം കാണിക്കുന്ന കമ്പനികള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്. ബലിപെരുന്നാള്‍ അവധി പ്രമാണിച്ചാണ് ജൂണ്‍ 30 എന്ന അവസാന തിയ്യതി ജൂലൈ 7 വരെ നീട്ടി നല്‍കിയത്.