യുഎഇ വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം;ഫീസ് 253 ദിര്‍ഹം
- 253 ദിര്‍ഹമായി വിസ ഫീസ് വര്‍ദ്ധിപ്പിച്ചു
- അപേക്ഷിച്ച് 48 മണിക്കൂറിനകം വിസ ലഭിക്കും
- അപേക്ഷകന് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകരുത് എന്ന നിബന്ധനയുണ്ട്
യുഎഇ വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. നേരത്തെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ വിസ സ്റ്റാംപ് ചെയ്ത് നല്‍കുമായിരുന്നു. യുകെ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍,യുഎസ്എ എന്നിവിടങ്ങളില്‍ താമസ വിസയോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യാക്കാര്‍ക്കാണ് യുഎഇ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നത്. ദുബായില്‍ 14 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഈ വിസ അനുവദിക്കുന്നത്. പിന്നീട് 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും.
അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍:
രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ യാത്രാ രേഖ
യുഎസ് ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ യുകെ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നല്‍കുന്ന റസിഡന്റ് വിസ
വെളുത്ത പശ്ചാത്താലത്തിലുള്ള വ്യക്തിഗത ഫോട്ടോ
വിസ ഓണ്‍ അറൈവലിന് അപേക്ഷിക്കുന്ന ഇന്ത്യാക്കാര്‍ ആദ്യം ഡിജിഎഫ്ആര്‍എ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണം. അതിനുശേഷം ഫീസ് അടയ്ക്കണം. 253 ദിര്‍ഹമാണ് ഫീസ്. നേരത്തെ 150 ദിര്‍ഹമായിരുന്നു ഫീസ്. അംഗീകാരം ലഭിച്ചാല്‍ അപേക്ഷകന് ഇമെയിലായി വിസ ലഭിക്കും. അപേക്ഷിച്ച് 48 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും.
അപേക്ഷകന് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകരുത് എന്നത് നിബന്ധനയാണ്. മാത്രമല്ല പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. യുഎസ്,യുകെ,യൂറോപ്യന്‍ യൂണിയന്‍ വിസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധിയുണ്ടാകണം എന്നതും നിര്‍ബന്ധമാണ്.