സാമ്പത്തിക രംഗം ഉണര്‍വിലേക്ക്; സന്ദര്‍ശകരെ ലക്ഷ്യമിട്ട് ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്
- മെയ് 6 മുതല്‍ 9 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നടക്കുന്നത്
- പരിപാടിയില്‍ പങ്കെടുക്കുന്നത് 165 രാജ്യങ്ങളില്‍ നിന്നുള്ള 2300 പ്രദര്‍ശകര്‍
- അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പങ്കെടുക്കുന്ന ഹോട്ടല്‍ ബ്രാന്‍ഡുകളുടെ എണ്ണത്തിലും വര്‍ദ്ധനവ്
ദുബായിലെ വാര്‍ഷിക അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്(എടിഎം) പരിപാടിയുടെ മുപ്പത്തൊന്നാമത് എഡിഷന്‍ ഈ വര്‍ഷം 41,000 സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് സംഘാടകര്‍. മെയ് 6 മുതല്‍ 9 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് എടിഎം നടക്കുന്നത്. 165 രാജ്യങ്ങളില്‍ നിന്നുള്ള 2300 പ്രദര്‍ശകര്‍ പരിപാടിയില്‍ പങ്കെടുക്കും.
എടിഎം 2024 ല്‍ പങ്കെടുക്കുന്ന ഹോട്ടല്‍ ബ്രാന്‍ഡുകളുടെ എണ്ണം വര്‍ഷാവര്‍ഷം 21 ശതമാനം വര്‍ദ്ധിച്ചതായി സംഘാടകര്‍ അറിയിച്ചു. പുതിയ ട്രാവല്‍ ടെക്‌നോളജി ഉത്പന്നങ്ങളില്‍ 58 ശതമാനം വര്‍ധനവുണ്ടായി. ചൈന,മക്കാവോ,കെനിയ,ഗ്വാട്ടിമാല,കൊളംബിയ തുടങ്ങിയ രാജ്യങ്ങളും പുതിയതായി എടിഎമ്മില്‍ പങ്കെടുക്കും. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ മടങ്ങിവരുന്ന രാജ്യങ്ങളില്‍ സ്‌പെയിനും ഫ്രാന്‍സും ഉള്‍പ്പെടുന്നു.
എടിഎമ്മിലെ ദുബായ് വിഭാഗത്തില്‍ 129 ഓഹരി ഉടമകളും പങ്കാളികളും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവുമായി ചേരും, ഇത് ഊര്‍ജസ്വലമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ തെളിവാണ്. എമിറേറ്റിലെ ടൂറിസം വികസനത്തില്‍ അത് നിര്‍ണായക പങ്ക് വഹിക്കുന്നതായി ദുബായ് കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് സിഇഒ ഇസാം കാസിം പറഞ്ഞു.
ദുബായിയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും എയര്‍ലൈനിന്റെ സുസ്ഥിര വ്യോമയാന രീതികളുടെ പ്രദര്‍ശനവും എടിഎമ്മില്‍ അതരിപ്പിക്കും. എടിഎം സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എമിറേറ്റ്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ അദ്നാന്‍ കാസിം പറഞ്ഞു.