വ്യോമഗതാഗതം സാധാരണനിലയിലേക്ക്;എമിറേറ്റ്‌സ്,ഫ്‌ളൈ ദുബായ് വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു
- യാത്രാ പദ്ധതികള്‍ തടസപ്പെട്ട ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് അധികൃതര്‍
- എമിറേറ്റ്‌സ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റദ്ദാക്കിയത് 400 സര്‍വീസുകള്‍
- യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യാനും ഫ്‌ളൈറ്റ് റീബുക്ക് ചെയ്യാനും അവസരം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്‌സ്,ഫ്‌ളൈ ദുബായ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ മുതല്‍ ഞങ്ങളുടെ പതിവ് ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ പുനസ്ഥാപിച്ചതായി എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് എയര്‍ലൈനിന്റെ ഉപഭോക്താക്കള്‍ക്ക് തുറന്ന കത്തിലൂടെ അറിയിപ്പ് നല്‍കി. കനത്ത മഴയേയും കൊടുങ്കാറ്റിനേയും തുടര്‍ന്ന് വിമാന സര്‍വീസ് മുടങ്ങിയതിനാല്‍ യാത്രാ പദ്ധതികള്‍ തടസപ്പെട്ട ഓരോ ഉപഭോക്താവിനോടും ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ഏരിയയില്‍ കുടുങ്ങിയ യാത്രക്കാര്‍ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുകയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തതായി ക്ലാര്‍ക്ക് പറഞ്ഞു. ബാഗേജുകള്‍ തരംതിരിച്ച് ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.
75 വര്‍ഷത്തിനിടെയുണ്ടായ അതിശക്തമായ മഴയ്ക്കാണ് യുഎഇ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. എമിറേറ്റ്‌സ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 400 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2,3 എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ ഫ്‌ളൈറ്റ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഫ്‌ളൈ ദുബായ് അധികൃതര്‍ ഒദ്യോഗികമായി അറിയിച്ചു. വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തശേഷം റദ്ദാക്കിയ ബുക്കിംഗുള്ള യാത്രക്കാരെ ഫ്‌ളൈ ദുബായ് സമീപിച്ചു. അവര്‍ക്ക് ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാനോ ഫ്‌ളൈറ്റ് റീബുക്ക് ചെയ്യാനോ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാര്‍ക്ക് ഇമെയില്‍ വഴി വിശദവിവരങ്ങള്‍ അയച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്ത യാത്രക്കാര്‍ റീഫണ്ടുകള്‍ക്കും റീബുക്കിംഗിനും ബന്ധപ്പെട്ട ഏജന്റുമാരെ സമീപിക്കണമെന്നും ഫ്‌ളൈ ദുബായ് അറിയിച്ചു.