350 കോടി ദിര്‍ഹമിന്റെ വരുമാനവുമായി ദുബൈ ആര്‍ടിഎ
- ദുബായ് ആർടിഐ യുടെ ഡിജിറ്റൽ ചാനലുകൾ പ്രയോജനപ്പെടുത്തിയത് 81.4 കോടി ആളുകൾ
- ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ 30 ശതമാനം വളർച്ച
- ഗതാഗത മേഖലയിൽ പുതിയ സ്മാർട്ട് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമം
ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആര്‍ടിഎ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ 350 കോടി ദിര്‍ഹം വരുമാനമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ആര്‍ടിഎയുടെ ഡിജിറ്റല്‍ ചാനലുകള്‍ കഴിഞ്ഞവര്‍ഷം 81.4കോടി പേര്‍ പ്രയോജനപ്പെടുത്തി. അതോറിറ്റി തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോക്താക്കളില്‍ 30 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അസാധാരണ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് ഡയറക്‌ടേര്‍സ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. 67.6 കോടി ഉപഭോക്താക്കളാണ് 2021ല്‍ ആര്‍ടിഎയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
ആപ്ലിക്കേഷനുകള്‍ മുഖേനയുള്ള ഇടപാടുകളില്‍ 370 കോടി വര്‍ധനവുണ്ടായി. ഗതാഗത മേഖലയില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് അതോറിറ്റി ശ്രമിക്കുന്നത്. വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ പുതിയ സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. 2018ല്‍ തുടക്കം കുറിച്ച മഹ്ബൂബ് ചാറ്റ്‌ബോട്ട് വഴിയാണ് നിരവധി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്നത്