വീടുകള്‍ക്ക് സൗജന്യ അറ്റകുറ്റപ്പണി:ദുബായില്‍ കൂടുതല്‍ ഡെവലപ്പര്‍മാര്‍ രംഗത്ത്

  • മഴക്കെടുതിയില്‍ കേടുപാട് സംഭവിച്ച എല്ലാ വീടുകള്‍ക്കും അറ്റകുറ്റപ്പണി നടത്തുമെന്ന് ഡെവലപ്പര്‍മാര്‍
  • മഴയുടെ ആഘാതത്തിന് ശേഷം കമ്മ്യൂണിറ്റികളില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു
  • ഗുരുതരമായ കേടുപാടുകള്‍ വീടുകള്‍ക്കില്ലെന്നാണ് വിലയിരുത്തല്‍

Update: 2024-04-20 10:49 GMT

ദുബായില്‍ ഈ ആഴ്ച പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് സഹായഹസ്തവുമായി കൂടുതല്‍ ഡെലവപ്പര്‍മാര്‍ രംഗത്ത്. ദുരിതബാധിതരുടെ വീടുകള്‍ക്ക് സൗജന്യ അറ്റകുറ്റപ്പണികള്‍ ചെയ്തുനല്‍കുമെന്ന് അവര്‍ ഉറപ്പുനല്‍കി.

സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ MAG അവരുടെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ താമസിക്കുന്ന ദുരിതബാധിതര്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ കേടുപാടു സംഭവിച്ച എല്ലാ വീടുകളുടേയും അറ്റകുറ്റപ്പണികളുടെ ചെലവ് വഹിക്കുമെന്നും MAG വ്യക്തമാക്കി. കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ച തങ്ങളുടെ കമ്യൂണിറ്റിയിലെ എല്ലാ വസ്തുവകകളും നന്നാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസും അറിയിച്ചിരുന്നു. വീടുകള്‍ക്ക് കാര്യമായ നാശനഷ്ടമില്ലെന്ന് ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പറായ ഡമാക് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. താമസക്കാര്‍ക്ക് അവരുടെ എല്ലാ സ്വത്തുക്കളും പൂര്‍ണമായും ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുനല്‍കുന്നതിനായി നാശത്തിന്റെ വ്യാപ്തി വിലയിരുത്തുന്നത് തുടരുമെന്നും ആവശ്യമുള്ളപ്പോള്‍ സമഗ്രമായ വിലയിരുത്തലും പ്രക്രീയകളിലും പങ്കാളികളെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.

ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി, അഗ്‌നി സുരക്ഷ, അലാറം സംവിധാനങ്ങള്‍ എന്നിവയുടെ പതിവ് അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള സജീവമായ നടപടികള്‍ താമസക്കാരുടെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്നും പ്രഖ്യാപിച്ചു. മഴയുടെ ആഘാതത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ കമ്മ്യൂണിറ്റികളില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഡവലപ്പര്‍ പറഞ്ഞു.

ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍ടിഎ, ദുബായ് റെസ്‌ക്യൂ സെന്റര്‍, ദേവ, സിവില്‍ ഡിഫന്‍സ്, മറ്റ് സര്‍ക്കാര്‍ അധികാരികള്‍ എന്നിവയില്‍ നിന്ന് ലഭിച്ച പിന്തുണയോടെ ഏകദേശം 1,000 ഡമാക് ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നതായും അവര്‍ വ്യക്തമാക്കി.

Tags:    

Similar News