യുഎഇയില്‍ ജനജീവിതം സാധാരണനിലയിലേക്ക്;വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിച്ചു

  • നാല് മെട്രോ സ്‌റ്റേഷനുകള്‍ ഒഴികെയുള്ളവ തുറന്നു
  • ബസ് സര്‍വീസ് പുനസ്ഥാപിച്ചു
  • നഗരപ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക്

Update: 2024-04-23 11:55 GMT

യുഎഇയില്‍ മഴക്കെടുതിയെ തുടര്‍ന്ന് താറുമാറായ ജനജീവിതം സാധാരണനിലയിലേക്ക്. വിമാനസര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിച്ചു. നാല് മെട്രോസ്‌റ്റേഷനുകള്‍ ഒഴികെയുള്ളവ തുറന്നു. ബസ് സര്‍വീസും പൂര്‍ണമായും സാധാരണനിലയിലായി. ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിച്ചതോടെ ദുബായ് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദുബായ്,ഷാര്‍ജ,അബുദാബി,റാസല്‍ഖൈമ,ഫുജൈറ രാജ്യാന്തരവിമാനത്താവളങ്ങളില്‍ നിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങള്‍ സര്‍വീസ് നടത്തി. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വീസ് പതിവ് നിലയിലായത്. ഇന്നലെ മുതല്‍ സാധാരണ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏകദേശം 1400 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

കൊടുങ്കാറ്റും അതിന്റെ അനന്തരഫലങ്ങളും കാരണം മൊത്തം 2,155 വിമാനങ്ങള്‍ റദ്ദാക്കുകയും 115 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി ഗ്രിഫിത്ത്‌സ് അഭിപ്രായപ്പെട്ടു. വ്യോമയാനമേഖലയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ രാവുംപകലും കഷ്ടപ്പെട്ടാണ് സര്‍വീസ് പുനസ്ഥാപിക്കുന്നതിന് വേണ്ട പ്രവര്‍ത്തനം കാഴ്ചവച്ചത്.

സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍, അനാവശ്യ തിരക്ക് ഒഴിവാക്കാനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും അതിഥികള്‍ അവരുടെ ഫ്‌ളൈറ്റ് പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലില്‍ എത്താവൂ.

Tags:    

Similar News