വിദേശത്തുള്ളവരുടെ വിസ പുതുക്കാന്‍ ഇനി ഇരട്ടി നിരക്ക്: നടപടിക്ക് സൗദി ഭരണാധികാരിയുടെ അനുമതി

  • സിംഗിള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കും പുതിയ നിരക്ക് ബാധകമാകും

Update: 2023-01-01 12:07 GMT


അവധിക്കും മറ്റുമായി സൗദിയില്‍നിന്നും നാട്ടിലേക്ക് പോയ പ്രവാസികളുടെ റി-എന്‍ട്രി വിസ നിരക്കുകള്‍ നിലവിലെ തുകയില്‍ നിന്ന് ഇരട്ടിയാക്കി ഉയര്‍ത്തിയ തീരുമാനത്തിന് സൗദി ഭരണാധികാരി അനുമതി നല്‍കി.

പുതിയ അപ്ഡേഷന്‍ പ്രകാരം താമസ വിസയിലുള്ളവരുടെ റീ-എന്‍ട്രി കാലാവധി വിദേശത്ത് വെച്ച്തന്നെ നീട്ടണമെങ്കില്‍ ഇനി ഇരട്ടി ചാര്‍ജ്ജ് അടക്കേണ്ടി വരും. കൂടാതെ വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കുന്നതിനും അധിക ഫീസ് നിബന്ധന ബാധകമായിരിക്കും. നിരക്ക് ഉയര്‍ത്തിയുള്ള നിയമത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഇനി ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെയാണ് നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റം വരിക. നിലവില്‍ സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് ഒരു മാസത്തിന് 100 റിയാല്‍ ഈടാക്കുമ്പോള്‍, ഉപയോക്താവ് വിദേശത്താണ് ഉള്ളതെങ്കില്‍ ഇനിമുതല്‍ 200 റിയാല്‍ നല്‍കേണ്ടിവരും.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ വിദേശത്ത് കഴിയുന്നവര്‍ ഓരോ അധിക മാസത്തിനും നിലവിലെ 200റിയാലിന്റെ സ്ഥാനത്ത് 400 റിയാല്‍ വീതമാണ് നല്‍കേണ്ടതായി വരിക.

വിദേശത്ത്നിന്ന് കൊണ്ട് ഇഖാമ പുതുക്കുന്നതിനുള്ള നിരക്കും ഇത്തരത്തില്‍ ഇരട്ടിയാക്കി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. എങ്കിലും നാട്ടിലേക്ക് പോകുന്നതിന് മുന്‍പുതന്നെ സൗദിയില്‍നിന്ന് അവധിയെല്ലാം കൃത്യമായി നിര്‍ണ്ണയിച്ച് റീ-എന്‍ട്രി നേടിയാല്‍ ഇത്തരത്തില്‍ അധിക ചാര്‍ജ്ജ് നല്‍കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

Tags:    

Similar News