റിയാദില്‍ ദിരിയ സ്‌ക്വയര്‍ റീട്ടെയ്ല്‍ ഹബ് ഒരുങ്ങുന്നു
- ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് വേള്‍ഡ് റീട്ടെയ്ല്‍ കോണ്‍ഗ്രസ് നടക്കുന്നത്
- ദിരിയ സ്‌ക്വയറില്‍ 400 ലധികം പുതിയ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും നൂറിലധികം റസ്റ്റോറന്റുകളും ഉള്‍പ്പെടും
- സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പദ്ധതി
പാരീസില്‍ നടക്കുന്ന വേള്‍ഡ് റീട്ടെയ്ല്‍ കോണ്‍ഗ്രസില്‍ ദിരിയ സ്‌ക്വയര്‍ റീട്ടെയ്ല്‍ ഹബ് അവതരിപ്പിക്കാന്‍ ഒരുങ്ങി ദിരിയ കമ്പനി. ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് വേള്‍ഡ് റീട്ടെയ്ല്‍ കോണ്‍ഗ്രസ് നടക്കുന്നത്. സൗദി തലസ്ഥാനമായ റിയാദില്‍ സ്ഥിതി ചെയ്യുന്ന റീട്ടെയ്ല്‍ ഹബ് 400 ലധികം പുതിയ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും നൂറിലധികം റസ്റ്റോറന്റുകളും ഉള്‍പ്പെടും. 300 വര്‍ഷം പഴക്കമുള്ള പരമ്പരാഗത വാസ്തുവിദ്യാ ആശയങ്ങളും രൂപകല്‍പ്പനയും ഉള്‍ക്കൊള്ളുന്ന, ചരിത്രപ്രസിദ്ധമായ ദിരിയ വികസന മേഖലയുടെ ഹൃദയഭാഗത്താണ് ഈ ഹബ്ബ്. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായി ദിരിയ സ്‌ക്വയര്‍ വാണിജ്യത്തിന്റേയും സംസ്‌കാരത്തിന്റേയും വിനോദത്തിന്റേയും കേന്ദ്രമായി മാറാന്‍ തയ്യാറെടുക്കുകയാണ്.
ദിരിയ സ്‌ക്വയര്‍ ഒരു ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്നതിലുപരി സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിനും സര്‍ഗ്ഗാത്മകതയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണെന്ന് ദിരിയ കമ്പനി ഗ്രൂപ്പ് സിഇഒ ജെറി ഇന്‍സെറില്ലോ പറഞ്ഞു. അതുകൊണ്ടാണ് ഈ ആവേശകരമായ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ഓഹരി ഉടമകളെയും ക്ഷണിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
റിയാദിലെ സിറ്റി സെന്ററില്‍ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താല്‍, 14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വികസന പ്രദേശത്തെത്താം. 2010ല്‍ ആലേഖനം ചെയ്ത യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ അത്-തുറൈഫ് ആണ് ദിരിയയുടെ കേന്ദ്രഭാഗം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, 1,00,000 താമസക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ദിരിയ ആതിഥേയത്വം വഹിക്കും. സാംസ്‌കാരിക, വിനോദം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസ, പാര്‍പ്പിട ഇടങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്നു.