ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടം; അല്‍ ഹബ്തൂര്‍ ടവറിലെ മുറികള്‍ക്ക് ആവശ്യക്കാരേറെ
ദുബൈ ശൈഖ് സായിദ് റോഡിലെ അല്‍ ഹബ്തൂര്‍ ടവറില്‍ ഒരിടം കണ്ടെത്താന്‍ ആവശ്യക്കാരേറെ. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടം എന്നു വിശേഷിപ്പിക്കുന്ന അല്‍ ഹബ്തൂറിലെ മുറികള്‍ നേടാനാണ് സമ്പന്നന്‍മാര്‍ തിരക്കിടുന്നത്. ലോകമെമ്പാടുമുള്ള നിക്ഷേപകരില്‍ നിന്ന് വലിയ പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അല്‍ ഹബ്തൂര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ മുഹമ്മദ് ഖലാഫ് അല്‍ ഹബ്തൂര്‍ പറഞ്ഞു.
ഈ 82 നില കെട്ടിടത്തിലെ ഒരോ നിലകള്‍ വീതം മൊത്തത്തില്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തിയവര്‍ വരെയുണ്ടെന്ന് കമ്പനി പറയുന്നു. ചൈന, യുകെ, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിക്ഷേപകര്‍ തങ്ങളെ സമീപിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരും ഇവിടെ സങ്കേതം നേടാന്‍ ശ്രമം നടക്കുന്നുണ്ട്.
1619 അപ്പാര്‍ട്ട്‌മെന്റുകളും 22 സ്‌കൈ വില്ലകളുമാണ് അല്‍ ഹബ്തൂര്‍ ടവറിലുള്ളത്. ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 21 ലക്ഷം ദിര്‍ഹം (4.9 കോടിയിലധികം ഇന്ത്യന്‍ രൂപ) മുതലാണ് വില. രണ്ട് ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന് 35 ലക്ഷം ദിര്‍ഹവും (7.82 കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്ന് ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന് 47 ലക്ഷം ദിര്‍ഹവും (10 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് വില. 370 കോടി ദിര്‍ഹത്തിന്റേതാണ് പ്രൊജക്ട്. നിരവധി ഡൈനിങ് സെന്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, സപാകള്‍, കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍ തുടങ്ങി അനേകം സവിശേഷധകളുള്ളതാണ് അല്‍ ബഹബ്തൂര്‍ ടവര്‍.