മഴക്കെടുതി;ഷാര്‍ജയില്‍ നാശനഷ്ട സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും

  • പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്,സ്മാര്‍ട്ട് ആപ്പ്,ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം
  • മഴയെ തുടര്‍ന്ന് ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കും
  • ദുരിതബാധിതര്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന് ഷാര്‍ജ പോലീസ്
;

Update: 2024-04-22 11:57 GMT
rainstorm damage certificates are issued free of cost in sharjah
  • whatsapp icon

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ഷാര്‍ജ എമിറേറ്റിലെ എല്ലാവര്‍ക്കും നാശനഷ്ട സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് ഷാര്‍ജ പോലീസ്. ജനങ്ങളുടെ പ്രയാസങ്ങള്‍ മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സറി അല്‍ ഷംസി അറിയിച്ചു. പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്,സ്മാര്‍ട്ട് ആപ്പ്,ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. എമിറേറ്റിലെ എല്ലാ നഗരങ്ങളിലും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയാണ് മുന്‍ഗണനയിലുള്ളതെന്നും ദേശീയ, സാമൂഹിക, മാനുഷിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ജനറല്‍ കമാന്‍ഡ് അതിന്റെ എല്ലാ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി ഊന്നിപ്പറഞ്ഞു.

മോശം കാലാവസ്ഥ പരിഗണിച്ച് ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കാനും മേജര്‍ അല്‍ ഷംസി ഉത്തരവിട്ടു. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസമുണ്ടായത്. റോഡുകളിലും പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും വെള്ളം കയറി വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. വാഹന ഗതാഗതവും വ്യോമഗതാഗതവും തടസപ്പെട്ടിരുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News